BREAKING NEWS
dateWED 16 JUL, 2025, 1:03 PM IST
dateWED 16 JUL, 2025, 1:03 PM IST
back
HomeCareer
Career
Aswani Neenu
Wed May 08, 2024 12:11 PM IST
NewsImage
പാനൂരിലെ വിഷ്ണുപ്രിയ കൊലക്കേസ്: വിധി പറയുന്നത് വെള്ളിയാഴ്ചയിലേക്ക് മാറ്റി

തലശ്ശേരി: പാനൂർ വള്ള്യായിയിലെ വിഷ്ണുപ്രിയ(23)യെ വീട്ടിനകത്ത് കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ വിധി പറയുന്നത് വെള്ളിയാഴ്ചയിലേക്ക് മാറ്റി. തലശ്ശേരി അഡീഷണൽ ജില്ലാ കോടതി (ഒന്ന്) ആണ് കേസ് വിധി പറയാൻ മാറ്റിയത്. വിഷ്ണുപ്രിയയുടെ മുൻസുഹൃത്ത് മാനന്തേരി താഴെക്കളത്തിൽ എ. ശ്യാംജിത്ത് (27) ആണ് കേസിലെ പ്രതി. 2022 ഒക്ടോബർ 22-നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം.

ശ്യാംജിത്ത് മുൻകൂട്ടി തീരുമാനിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. സംഭവത്തിന്റെ രണ്ടുദിവസം മുൻപ്‌ കൂത്തുപറമ്പിലെ കടയിൽനിന്ന് പ്രതി ചുറ്റികയും കൈയുറയും വാങ്ങിയിരുന്നു. ഇവ വാങ്ങുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. വിഷ്ണുപ്രിയയുടെ ശരീരത്തിൽ 29 മുറിവുകളുണ്ടായിരുന്നു. അതിൽ 10 മുറിവ് മരണശേഷമുള്ളതാണ്. സംഭവത്തിന് ദൃക്‌സാക്ഷികളില്ല.

സാഹചര്യതെളിവും ശാസ്ത്രീയതെളിവുകളും പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ. അജിത്ത്കുമാർ കോടതിയിൽ ഹാജരാക്കിയിരുന്നു. വിഷ്ണുപ്രിയയും പ്രതിയും തമ്മിൽ നേരത്തേ സംസാരിച്ചതിന്റെ ഫോൺരേഖകളും തെളിവായി കോടതിയിൽ ഹാജരാക്കി.

കൊലപാതകം നടന്ന് ഒരുവർഷം പൂർത്തിയാകുന്നതിന് മുൻപ് തന്നെ വിചാരണ തുടങ്ങി. പ്രതി ജുഡീഷ്യൽ കസ്റ്റഡിയിലായതിനാലാണ് വിചാരണ വേഗത്തിലായത്. പ്രതിയായ ശ്യാംജിത്തിന് ജാമ്യവും കിട്ടിയിരുന്നില്ല. കേസിൽ 73 സാക്ഷികളാണുണ്ടായിരുന്നത്. പ്രോസിക്യൂഷൻ മൂന്ന് ഫോറൻസിക് വിദഗ്ധരെ സാക്ഷികളായി പുതുതായി ഉൾപ്പെടുത്തി. വിഷ്ണുപ്രിയയുടെ സഹോദരിമാർ, സുഹൃത്ത് വിപിൻരാജ് തുടങ്ങി 49 സാക്ഷികളെ വിസ്തരിച്ചു. ഇരുതലമൂർച്ചയുള്ള കത്തി, ചുറ്റിക, കുത്തുളി എന്നിവ കൊണ്ട് കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്. വിഷ്‌ണുപ്രിയ വീട്ടിൽ തനിച്ചായ സമയത്ത് അതിക്രമിച്ചുകയറിയ പ്രതി ചുറ്റികകൊണ്ട് തലയ്‌ക്കടിച്ചശേഷം ഇരുകൈകൾക്കും പരിക്കേൽപ്പച്ച്‌ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നാണ് കേസ്.

Related
MORE