വടകര: സിപിഎം ജില്ലാ കമ്മിറ്റിയില്‍ നിന്ന് നീക്കം ചെയ്യപ്പെട്ട പി.കെ.ദിവാകരന്‍ അതേകമ്മിറ്റിയില്‍ തിരിച്ചെത്തി. ബുധനാഴ്ച കോഴിക്കോട് നടന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെയും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി.പി.രാമകൃഷ്ണന്റെയും സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് പ്രഖ്യാപനമുണ്ടായത്.
ജനുവരി 29, 30, 31 തിയ്യതികളില്‍ വടകരയില്‍ നടന്ന ജില്ലാ സമ്മേളനത്തിലാണ് പി.കെ.ദിവാകരനെ ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയത്. ഇത് വടകരയിൽ കടുത്ത പ്രതിഷേധത്തിന് ഇടയാക്കുകയുണ്ടായി. ജനകീയനായ പി.കെ.ദിവാകരനെ ജില്ലാ കമ്മിറ്റിയില്‍ നിന്ന് നീക്കം ചെയ്തത് എന്ത് കാരണത്താലാണെന്ന ചോദ്യവുമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തു വരികയും പല ഭാഗങ്ങളിലും പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുകയും ചെയ്തിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പും പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പും അടുത്തു വരുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് പി.കെ.ദിവാകരന്റെ തിരിച്ചുവരവ്. വടകര മേഖലയില്‍ പാര്‍ട്ടിയെ ഒറ്റക്കെട്ടായി കൊണ്ടുപോവുന്നതിന് ഈ നടപടി ഉപകരിക്കുമെന്നാണ് നേതൃത്വം കരുതുന്നത്.