ന്യൂഡല്‍ഹി: പാകിസ്താനുമായുള്ള സംഘര്‍ഷങ്ങള്‍ക്കിടെ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കറിന്റെ സുരക്ഷ വര്‍ധിപ്പിച്ചു. അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തിലേക്ക് രണ്ട് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍കൂടി ചേര്‍ത്തുകൊണ്ടാണ് സുരക്ഷവര്‍ധിപ്പിച്ചതെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
നിലവില്‍ സിആര്‍പിഎഫ് നിന്ന് 'ഇസഡ്' കാറ്റഗറി സുരക്ഷയാണ് ജയ്ശങ്കറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. മെച്ചപ്പെടുത്തിയ സുരക്ഷാ വാഹനങ്ങള്‍കൂടി ഉള്‍പ്പെടുത്തിയുള്ള സുരക്ഷയിലാകും അദ്ദേഹത്തിന്റെ യാത്ര
ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് അടുത്തിടെ നടത്തിയ സുരക്ഷാ അവലോകനത്തിലാണ് സിആര്‍പിഎഫ് ഈ തീരുമാനമെടുത്തത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ജയ്ശങ്കറിന്റെ സുരക്ഷാ 'വൈ'യില്‍ നിന്ന് 'ഇസഡ്' കാറ്റഗറിയിലേക്ക് ഉയര്‍ത്തിയത്. ഇതോടെ ഡല്‍ഹി പോലീസില്‍നിന്ന് ജയ്ശങ്കറിന്റെ സുരക്ഷ സിആര്‍പിഎഫ് ഏറ്റെടുത്തു.
നിലവില്‍ സിആര്‍പിഎഫ് ഉദ്യോഗസ്ഥരുടെ ഒരു സുരക്ഷാ സംഘം 24 മണിക്കൂറും 'ഇസഡ്' കാറ്റഗറി സുരക്ഷാ കവചം അദ്ദേഹത്തിന് നല്‍കിവരുന്നുണ്ട്. രാജ്യത്തുടനീളമുള്ള യാത്രകളിലും താമസത്തിലും ഒരു ഡസനിലധികം സായുധ കമാന്‍ഡോകള്‍ ഈ സംഘത്തിലുണ്ട്.കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, നിതിന്‍ ഗഡ്കരി, ദലൈ ലാമ, കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ ഉള്‍പ്പെടെ 200 ഓളംപേര്‍ക്ക് സിആര്‍പിഎഫിന്റെ സുരക്ഷയുണ്ട്.