ന്യൂഡൽഹി: നിരവധി പാകിസ്ഥാൻ അഭിനേതാക്കളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ ഇന്ത്യയിൽ പ്രവർത്തനരഹിതമാക്കി. ഹാനിയ ആമിർ, മാഹിറ ഖാൻ എന്നിവരുൾപ്പെടെയുള്ളവരുടെ അക്കൗണ്ടുകളാണ് ഇന്ത്യയിൽ വിലക്കിയത്. ഹാനിയ ആമിറിൻ്റെ അക്കൗണ്ടാണ് ആദ്യമായി പ്രവർത്തനരഹിതമാക്കിയതിൽ ഒന്ന് എന്നാണ് റിപ്പോർട്ട്.
പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിലാണ് ഈ നടപടി. നിരോധിത പാകിസ്ഥാൻ ഭീകര സംഘടനയായ ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉപവിഭാഗമായ ദി റെസിസ്റ്റൻസ് ഫോഴ്സിലെ (TRF) ഭീകരർ നടത്തിയ വെടിവെപ്പിൽ 26 പേരാണ് അന്ന് കൊല്ലപ്പെട്ടത്.
അലി സഫർ, സനം സയീദ്, ബിലാൽ അബ്ബാസ്, ഇഖ്‌റ അസീസ്, ഇമ്രാൻ അബ്ബാസ്, സജൽ അലി എന്നിവരാണ് ഇന്ത്യയിൽ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ പ്രവർത്തനരഹിതമാക്കപ്പെട്ട മറ്റ് പാകിസ്ഥാൻ താരങ്ങൾ. 'ഈ അക്കൗണ്ട് ഇന്ത്യയിൽ ലഭ്യമല്ല. ഉള്ളടക്കം നിയന്ത്രിക്കാനുള്ള നിയമപരമായ അഭ്യർത്ഥന ഞങ്ങൾ പാലിച്ചതിനാലാണ് ഇത്' എന്ന സന്ദേശമാണ് ഇന്ത്യയിൽനിന്ന് ഇവരുടെ പ്രൊഫൈൽ സന്ദർശിച്ചവർക്കെല്ലാം ലഭിച്ചത്. അതേസമയം ഫവാദ് ഖാൻ, വഹാജ് അലി തുടങ്ങിയ മറ്റ് ചില പാകിസ്ഥാൻ അഭിനേതാക്കളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ ഇന്ത്യയിൽ ഇപ്പോഴും ലഭ്യമാണ്.