ചെന്നെെ: പൊള്ളാച്ചി ലെെംഗികാതിക്രമ കേസിൽ ഒമ്പത് പ്രതികളും കുറ്റക്കാർ എന്ന് കോയമ്പത്തൂർ മഹിളാ കോടതി കണ്ടെത്തി. ഒമ്പത് പ്രതികൾക്കും ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. മരണം വരെ തടവെന്നാണ് കോടതി വ്യക്തമാക്കിയത്. 2016നും 2019നും ഇടയിൽ നിരവധി യുവതികളെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത് നഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ചതാണ് കേസ്.
എൻ റിശ്വന്ത് എന്ന ശബരിരാജൻ, കെ തിരുനാവുക്കരശു, എൻ സതീഷ്, ടി വസന്തകുമാർ, ആർ മണിവണ്ണൻ എന്ന മണി, കെ അരുളാനന്ദം, പി ബാബു എന്ന ‘ബൈക്ക്’ ബാബു, ഹരോണിമസ് പോൾ, എം അരുൺകുമാർ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. ഡോക്ടർമാർ, കോളേജ് അദ്ധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങി നിരവധി യുവതികളൊണ് പ്രതികൾ ചൂഷണം ചെയ്തത്.തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യപ്പെട്ട 19 കാരിയായ കോളേജ് വിദ്യാർത്ഥിനി അതിക്രമത്തെ കുറിച്ച് വീട്ടുകാരോട് പറഞ്ഞതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തറിയുന്നത്. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ പ്രതികളുടെ ലാപ്ടോപ്പിൽ നിരവധി യുവതികളുടെ നഗ്ന ദൃശ്യങ്ങൾ ലഭിച്ചെങ്കിലും മിക്കവരും പരാതി നൽകാൻ വിസമ്മതിച്ചു.