തിരുവന്തപുരം: കോൺഗ്രസ് എടുക്കാച്ചരക്കാകുമെന്ന് തിരുവനന്തപുരം ഡി.സി.സി പ്രസിഡന്‍റ് പറയുന്ന ഫോൺ സംഭാഷണം പുറത്ത്. പ്രാദേശിക നേതാവുമായിട്ടുള്ള പാലോട് രവിയുടെ ഫോൺ സംഭാഷണമാണ് പുറത്തുവന്നിട്ടുള്ളത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മൂന്നാമതാകും. തദ്ദേശ ഭരണ തെരഞ്ഞെടുപ്പോടെ കോൺഗ്രസ് നാമാവശേഷമാകും. മുസ്ലിം ഇതര പാർട്ടികൾ സി.പി.എമ്മിലേക്കും മറ്റ് പാർട്ടികളിലേക്കും പോകും. കോൺഗ്രസിലുള്ളവർ ബി.ജെ.പിയിലേക്കോ മറ്റ് പാർട്ടികളിലേക്കോ പോകും. കോൺഗ്രസ് എടുക്കാച്ചരക്കാകും തുടങ്ങി കോൺഗ്രസിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുന്ന ഫോൺസംഭാഷണമാണ് പുറത്തുവന്നിട്ടുള്ളത്.
60 അസംബ്ലി മണ്ഡലങ്ങളിൽ കാശ് കൊടുത്ത് ബി.ജെ.പി വോട്ട് കരസ്ഥമാക്കും. മാർക്സിസ്റ്റ് പാർട്ടി കേരളത്തിൽ ഭരണം തുടരുകയും ചെയ്യും. ഇതാണ് കേരളത്തിൽ സംഭവിക്കാൻ പോകുന്നതെന്നും അദ്ദേഹം പറയുന്നു.
കോൺഗ്രസിന് നാട്ടിൽ ഇറങ്ങിനടന്ന് ജനങ്ങളോട് സംസാരിക്കാൻ ആളില്ല. എങ്ങനെ കാലുവാരാമെന്നാണ് നേതാക്കൾ ചിന്തിക്കുന്നത്. പുല്ലംപാറയിലെ പ്രാദേശിക നേതാവ് ജലീലുമായുള്ള സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്. തിരുവനന്തപുരം ഡി.സി.സി അധ്യക്ഷന്‍റെ ഫോൺ സംഭാഷണം ഇത്തരത്തിൽ പുറത്തുവന്നത് കോൺഗ്രസിന് വലിയ ക്ഷീണമാണ് ഉണ്ടായിരിക്കുന്നത്. എന്നാൽ ഏതു സാഹചര്യത്തിലാണ് ഇത്തരത്തിൽ ഒരു ഫോൺ സംഭാഷണം പുറത്തുവന്നതെന്ന് വ്യക്തമല്ല.