കോട്ടയം: ചവിട്ടി പുറത്താക്കിയവർ തങ്ങളുടെ ശക്തി തിരിച്ചറിഞ്ഞെന്ന് കേരള കോൺഗ്രസ് എം. നിലവിൽ മുന്നണി വിടേണ്ട സാഹചര്യമില്ലെന്നും യു.ഡി.എഫ് നേതൃത്വം ചർച്ചയുമായി വരുമ്പോൾ അക്കാര്യം പരിഗണിക്കാമെന്നും കോട്ടയത്ത് ചേർന്ന പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ അഭിപ്രായം. മുന്നണി വിപുലീകരണ പ്രസ്താവന യു.ഡി.എഫിന്റെ ആത്മവിശ്വാസമില്ലായ്മയാണ് കാണിക്കുന്നതെന്ന് പാർട്ടി ചെയർമാൻ ജോസ് കെ. മാണി യോഗത്തിൽ പറഞ്ഞു.
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം യു.ഡി.എഫിനുള്ള രാഷ്ട്രീയ മാന്‍ഡേറ്റായി വിലയിരുത്താനാവില്ല. യു.ഡി.എഫിന് ആഴത്തില്‍ വേരുകളുള്ള നിലമ്പൂര്‍ മണ്ഡലത്തിലെ ജനവിധി എല്‍.ഡി.എഫിന്റെ തുടര്‍ഭരണ സാധ്യതയെ ഒരു കാരണവശാലും ബാധിക്കില്ല. ജനവിധി വിനയത്തോടെ സ്വീകരിച്ച് സര്‍ക്കാറിന്റെയും മുന്നണിയുടെയും പ്രവര്‍ത്തനങ്ങള്‍ എല്‍.ഡി.എഫ് മെച്ചപ്പെടുത്തുമെന്നും അദ്ദേഹം യോഗത്തിൽ കൂട്ടിച്ചേർത്തു.
കര്‍ഷക പ്രശ്നങ്ങളും മലയോരജനതയുടെ ആവശ്യങ്ങളും സമഗ്രമായി പഠിക്കുന്നതിനായി വിദഗ്ധ സമിതിയെ നിയോഗിക്കും. തുടർന്ന് പാർട്ടി തയാറാക്കുന്ന മാനിഫെസ്റ്റോ എല്‍.ഡി.എഫിന് സമര്‍പ്പിക്കും. വന്യജീവി ആക്രമണത്തിന് ശാശ്വതമായ പരിഹാരം കാണാന്‍ തടസം 1972 ല്‍ കോണ്‍ഗ്രസ് കേന്ദ്രം ഭരിക്കുമ്പോള്‍ രൂപം നല്കിയ കേന്ദ്ര വനം വന്യജീവി സംരക്ഷണ നിയമമാണ്. വന്യജീവി ആക്രമണത്തില്‍ നിന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കാന് നിയമനിർമാണം നടത്താനുള്ള സംസ്ഥാന സര്‍ക്കാറിന്റെ നീക്കം വേഗത്തിലാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ദുര്‍ബല ജനവിഭാഗങ്ങള്‍ക്കുള്ള ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കണം. റബറിന്റെ താങ്ങുവില കിലോക്ക് 250 രൂപയായി വര്‍ധിപ്പിക്കണം എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. ചെയര്മാന് ജോസ് കെ. മാണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രി റോഷി അഗസ്റ്റിന്, വൈസ് ചെയര്മാന്മാരായ ഡോ. എന്‍.ജയരാജ്, തോമസ് ചാഴികാടന്, ജനറല്‍ സെക്രട്ടറി ഡോ. സ്റ്റീഫന്‍ ജോര്‍ജ്, പ്രമോദ് നാരായണ്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ജോണി നെല്ലൂര്‍ എന്നിവര്‍ പങ്കെടുത്തു.