കോഴിക്കോട്: കുറ്റ്യാടി-കോഴിക്കോട് റൂട്ടിലെ സ്വകാര്യബസ് സമരം ഒത്തുതീര്‍ന്നു. പേരാമ്പ്ര ഡിവൈഎസ്പി വിളിച്ചുചേര്‍ത്ത യോഗത്തില്‍ ബസ് ഓണേഴ്‌സ് അസോസിയേഷന്‍, വിവിധ തൊഴിലാളി സംഘടനകള്‍ തുടങ്ങിയവരുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍ന്നത് .
ബസുകള്‍ വാടകയ്ക്ക് ഓടുന്ന പ്രവണതയ്‌ക്കെതിരെ കര്‍ശന നടപടിയെടുക്കും. ബസുകളിലെ സിസിടിവി ക്യാമറകള്‍ നിര്‍ബന്ധമായും പ്രവര്‍ത്തിപ്പിക്കണം. പ്രവൃത്തിപരിചയമുള്ള ഡ്രൈവര്‍മാരെ നിയമിക്കണം. വേഗത കുറയ്ക്കണം. പേരാമ്പ്ര ബസ് സ്റ്റാന്‍ഡിലെ ഏജന്റുമാരെ ഒഴിവാക്കും. വിദ്യാര്‍ഥികളെ കയറ്റാത്ത ബസുകള്‍ക്കെതിരേ നടപടിയുണ്ടാകും. ബസ് ജീവനക്കാര്‍ക്ക് ബോധവല്‍ക്കരണക്ലാസുകള്‍ സംഘടിപ്പിക്കും. ജീവനക്കാരുടെ ഡേറ്റാബാങ്ക് തയ്യാറാക്കും തുടങ്ങിയവയാണ് യോഗത്തില്‍ കൈക്കൊണ്ട തീരുമാനങ്ങൾ.കഴിഞ്ഞ ദിവസം പേരാമ്പ്രയില്‍ വിദ്യാര്‍ഥി ബസ് ഇടിച്ച് മരിച്ചതിനെത്തുടര്‍ന്ന് വിവിധ യുവജനസംഘടനകള്‍ ബസുകള്‍ തടഞ്ഞ് പ്രതിഷേധിച്ചതോടെയാണ് സ്വകാര്യബസുകള്‍ സര്‍വീസ് നിര്‍ത്തിവെച്ചത്.