തിരുവനന്തപുരം:.ടി.പി. വധക്കേസിലെ ക്രിമിനലുകള്‍ക്ക് പൊലീസ് നല്‍കുന്ന പരിഗണനയിലൂടെ ഈ സര്‍ക്കാറിന്റെ മുന്‍ഗണനയില്‍ ആരൊക്കെയാണ് ഉള്ളതെന്നു വ്യക്തമായെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. ആശ വര്‍ക്കാര്‍മാര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുമ്പോള്‍ അവരോട് പുച്ഛത്തോടെ പെരുമാറുകയും അപമാനിക്കുകയുമാണ് മന്ത്രിമാര്‍ ചെയ്തത്. എന്നാല്‍ 51 വെട്ട് വെട്ടി ടി.പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയവരെ കോടതിയില്‍ ഹാജരാക്കി തിരിച്ച് കൊണ്ടു വരുന്നതിനിടെ മദ്യസല്‍ക്കാരം ഉള്‍പ്പെടെയുള്ള എല്ലാ സൗകര്യവും നല്‍കിയ പൊലീസാണ് ഇവിടെ. ജയിലിലും ഇതു തന്നെയാണ് അവസ്ഥ.
ജയിലില്‍ ഫൈവ്സ്റ്റാര്‍ സൗകര്യങ്ങളാണ്. ചോദിക്കുന്ന ഭക്ഷണവും ഏറ്റവും പുതിയ ഫോണുമാണ് നല്‍കിയിരിക്കുന്നത്. ചൂടുകാലം വരുന്നതിനാല്‍ മുഖ്യമന്ത്രി ഇടപെട്ട് ജയില്‍ മുറി എയര്‍ കണ്ടീഷനാക്കി കൊടുക്കണം. അതുമാത്രമാണ് സര്‍ക്കാര്‍ ചന്ദ്രശേഖരന്‍ കൊലക്കേസിലെ പ്രതികള്‍ക്ക് ചെയ്തു കൊടുക്കാനുള്ളതെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.