പുതുപ്രതീക്ഷകളോടെ വെള്ളിയാഴ്‌ച കേരളം 68-ാം പിറന്നാൾ ആഘോഷിക്കും. ഐക്യ കേരളത്തിനുള്ള പ്രക്ഷോഭങ്ങളുടെ ഫലമായി 1956 നവംബർ ഒന്നിനാണ് തിരുവിതാംകൂറും കൊച്ചിയും മലബാറും ചേർത്ത് കേരള സംസ്ഥാനം രൂപീകരിച്ചത്. ഭാഷാ സംസ്ഥാനങ്ങൾക്കായി ഇന്ത്യയിലുണ്ടായ പോരാട്ടങ്ങളുടെ വിജയംകൂടിയാണ് കേരളപ്പിറവി.
ഇഎംഎസിന്റെ നേതൃത്വത്തിലുള്ള ആദ്യ കമ്യൂണിസ്‌റ്റ് സർക്കാർ നടപ്പാക്കിയ പ്രവർത്തനങ്ങൾ നൽകിയ ദിശാബോധത്തിലാണ് കേരളം ഇന്നും കുതിക്കുന്നത്. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ നേടിയ പുരോഗതി രാജ്യത്തെ ഇതരസംസ്ഥാനങ്ങൾക്ക് മാതൃകയാണ്.സംസ്ഥാന പുനഃസംഘടനാ നിയമമാണ് ഈ പുനഃസംഘടനക്കും പല സംസ്ഥാന രൂപീകരണങ്ങള്‍ക്കും ആധാരമായുള്ളത്. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളെ പുനര്‍സംഘടിപ്പിക്കാനുള്ള ഇന്ത്യാഗവണ്‍മെന്റിന്റെ തീരുമാനപ്രകാരം തിരുവിതാംകൂര്‍, കൊച്ചി എന്നീ നാട്ടു രാജ്യങ്ങള്‍, മദ്രാസ് പ്രസിഡന്‍സിയുടെ മലബാര്‍ പ്രദേശങ്ങള്‍ ഇങ്ങനെ മലയാളം പ്രധാനഭാഷയായ പ്രദേശങ്ങളെല്ലാം കൂട്ടിച്ചേര്‍ത്തുകൊണ്ട് 1956 നവംബര്‍ ഒന്നിന് കേരള സംസ്ഥാനം രൂപവത്കരിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് നവംബര്‍ ഒന്ന് കേരളപ്പിറവിദിനമായി ആഘോഷിക്കുന്നത്.
എന്നും എവിടെയും പ്രതീക്ഷയുടെ പച്ചത്തുരുത്ത് അവശേഷിപ്പിക്കുന്നതാണ് കേരളത്തിന്‍റെ നന്മ. വയനാട് ദുരന്തത്തിൽ നിന്ന് കേരളം കരകയറാനൊരുങ്ങുന്നത് സഹജീവി സ്നേഹത്തിന്‍റെയും അതിജീവനത്തിന്‍റെയും അനുകമ്പയുടേയും എല്ലാം പുതു ചരിത്രം എഴുതിയാണ്. കക്ഷി രാഷ്ട്രീയ വ്യത്യാസത്തിന് അപ്പുറത്തെ കെട്ടുറപ്പും ഭരണ നിര്‍വ്വഹണ ശേഷിയും കൈമുതലാക്കിയാണ് കേരളം എന്നും കുതിക്കാറുള്ളത്.
നാട്ടുവാർത്തയുടെ എല്ലാ വായനക്കാർക്കും കേരളപ്പിറവി ആശംസകൾ....