കുറ്റ്യാടി: ടൗണിലെ ഗതാഗതക്കുരുക്ക് കാരണം പ്രയാസപ്പെടുന്ന അവസ്ഥയ്ക്ക് പരിഹാരമാവുന്നു.20 വർഷത്തിലധികമായി കാത്തിരിക്കുന്ന കുറ്റ്യാടി ബൈപ്പാസിന്റെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചു. പദ്ധതി തുക 36.96 കോടി രൂപയിൽ നിന്നും 39.42 കോടി രൂപയായി ഭേദഗതി അംഗീകരിച്ച് കിഫ്ബിയുടെ അനുമതിപത്രവും ലഭിച്ചതായി കെ പി കുഞ്ഞമ്മദ് കുട്ടി എം എൽ എ അറിയിച്ചു. 2024 ഡിസംബർ മാസത്തോടെ ഭൂവുടമകൾക്ക് പൂർണമായി നഷ്ടപരിഹാരംനൽകാനുള്ള നടപടിക്രമങ്ങൾ ദ്രുതഗതിയിൽ നടക്കുകയാണ്. എംഎൽഎയായി സ്ഥാനം ഏറ്റെടുത്തതിനു ശേഷം കുറ്റ്യാടി ബൈപ്പാസ് പ്രവൃത്തിയുമായി ബന്ധപ്പെട്ട് ഉത്തരവാദത്തപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പദ്ധതി വിശദമായി പരിശോധിക്കുമ്പോൾ അലൈൻമെൻറിൽ പോലും പരാതിയും കേസുമായി നിലനിൽക്കുന്ന അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്.
നിരവധി യോഗങ്ങളുടെയും ചർച്ചകളുടെയും അടിസ്ഥാനത്തിൽ പ്രദേശവാസികളുടെ ആശങ്കകൾ പരിഹരിച്ചുകൊണ്ട് അലൈൻമെന്റ് പുതുക്കുകയുണ്ടായി. ഇങ്ങനെ നിരന്തരമായ ഇടപെടലുകളുടെയും, ഭൂവുടമകളുടെ സഹകരണത്തോടെയും, പൊതുപ്രവർത്തകരുടെയും കൂട്ടായ പ്രവർത്തനത്തിന്റെ ഭാഗമായാണ് പദ്ധതി ഈ ഘട്ടത്തിൽ എത്തിയത്. പദ്ധതി പ്രവർത്തികമാക്കുന്നതിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ ഇടപെടലും എടുത്തു പറയേണ്ടതുണ്ട്. കരാർ വെച്ച് പദ്ധതി ഒരു വർഷത്തിനുള്ളിൽ പൂർത്തിയാകുമെന്നും എം എൽ എ പറഞ്ഞു.
പ്രവൃത്തിയുടെ സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനും ഭൂവുടമകളുടെ ആശങ്കകൾ പരിഹരിക്കുന്നതിനുമായി കുറ്റ്യാടി ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് യോഗം ചേർന്നു. എംഎൽഎ അധ്യക്ഷത വഹിച്ച യോഗത്തിൽ ,കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഒ.ടി.നഫീസ ,കൊയിലാണ്ടി എൽ എ തഹസിൽദാർ പ്രസിൽ കെ.കെ, ആർബിഡിസി കെ എൻജിനീയർ അതുൽ,ആർ ബി ഡി സി കെ ഡെപ്യൂട്ടി കലക്ടർ അനിൽ എന്നിവർ ഭൂവുടമകൾക്ക് സംശയനിവാരണം നൽകി സംസാരിച്ചു. മരങ്ങൾ മുറിക്കുന്ന പ്രവർത്തിയും മതിലുകൾ പൊളിച്ചു മാറ്റുന്ന പ്രവൃത്തിയും അടുത്ത ദിവസം ആരംഭിക്കും.