
വടകര: തൊട്ടിൽപാലം റൂട്ടിൽ സർവീസ് നടത്തുന്ന 'ഹരിശ്രീ' ബസ്സിലെ കണ്ടക്ടർ പി.പി.ദിവാകരനെ മാരകമായി ആക്രമിച്ച പ്രതിയെ അടിയന്തിരമായി അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് 22- ന് നടത്തുന്ന പണിമുടക്കുമായി ബന്ധപ്പെട്ട് വടകര ഡി വൈ എസ് പി സനൽകുമാർ വിളിച്ചു ചേർത്ത ചർച്ച പരാജയം. 22 ന് വ്യാഴാഴ്ച വടകര താലൂക്കിൽ സ്വകാര്യ ബസ്സ് തൊഴിലാളികൾ പണിമുടക്ക് നടത്തുന്നതാണെന്ന് സംയുക്ത തൊഴിലാളി യൂനിയൻ യോഗം അറിയിച്ചു. അന്നേ ദിവസം തലശ്ശേരി ഭാഗത്ത് നിന്ന് വരുന്ന ബസ്സുകൾ മാഹി പാലം വരെയും കൊയിലാണ്ടി ഭാഗത്ത് നിന്ന് വരുന്ന ബസ്സുകൾ മൂരാട് പാലം വരെയും സർവ്വീസ് അവസാനിപ്പിച്ച് തിരികെ പോകേണ്ടതാണ്.
എന്നാൽ തലശ്ശേരി - കോഴിക്കോട് റൂട്ടിൽ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകൾക്ക് സർവ്വീസ് നടത്താവുന്നതാണ്. ഇക്കഴിഞ്ഞ 31 ന് രാവിലെയാണ് കണ്ടക്ടർ പി.പി. ദിവാകരൻ പുതിയ സ്റ്റാൻ്റിൽക്രൂരമായി അക്രമിക്കപ്പെട്ടത്. ഗുരുതരമായ പരിക്കുകളോടെ അദ്ദേഹം ചികിത്സയിലാണുള്ളത്. സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യം ഉറപ്പുവരുത്തണമെന്നും, കണ്ടകർ പി.പി.ദിവാകരനെ അക്രമിച്ച പ്രതിയെ അടിയന്തിരമായി അറസ്റ്റുചെയ്യണമെന്നും ആവശ്യപ്പെട്ടു കൊണ്ടു നടത്തുന്ന പണിമുടക്കുമായി മുഴുവൻ തൊഴിലാളികളും നാട്ടുകാരും സഹകരിക്കണമെന്നും യോഗം അഭ്യർത്ഥിച്ചു. ഡി. വൈ.എസ്.പി സ നൽകുമാറുമായി നടത്തിയ ചർച്ചയിൽ തൊഴിലാളിയൂനിയൻ നേതാക്കളായ എ.സതീശൻ ,എം. ബാലകൃഷ്ണൻ , അഡ്വ : ഇ. നാരായണൻ നായർ ,വിനോദ് ചെറിയത്ത് , ടി. സനീഷ് എന്നിവർ പങ്കെടുത്തു.