വടകര: ജൂലൈ നാലിന് വടകരയിൽ സ്വകാര്യ ബസ് പണിമുടക്ക്. താലൂക്കിലെ വിവിധ ഭാഗങ്ങളിലുണ്ടാകുന്ന ഗതാഗത കുരുക്ക് പരിഹരിക്കാൻ തയ്യാറാകാത്ത അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ചാണ് സ്വകാര്യ ബസ് തൊഴിലാളികൾ സൂചനാ പണിമുടക്ക് നടത്തുന്നത്.
ദേശീയ പാതയിലെ സർവ്വീസ് റോഡിൻറെയും വടകര-കുറ്റ്യാടി റൂട്ടിലെ നാദാപുരം, കല്ലാച്ചി ഭാഗങ്ങളിലെ റോഡിന്റെ ശോചനീയാവസ്ഥയും കാരണമുണ്ടാകുന്ന ഗതാഗത കുരുക്കും വടകര ടൗണിലെ ഗതാഗത കുരുക്കും പരിഹരിക്കാൻ തയ്യാറാകാത്ത നടപടിയിൽ പ്രതിഷേധിച്ചാണ് സമരം. സംയുക്ത യൂണിയൻ യോഗമാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.യോഗത്തിൽ എ സതീശൻ, ഇ പ്രദീപ് കുമാർ, എം ബാലകൃഷ്ണൻ, വി കെ ബാബു, അഡ്വ.ഇ നാരായണൻ നായർ, മടപ്പള്ളി മോഹനൻ, വിനോദ് ചെറിയത്ത്,പി സജീവ് കുമാർ,മജീദ് എന്നിവർ സംസാരിച്ചു.