കണ്ണൂർ: ജയിൽ ചാടിയ കുറ്റവാളി ഗോവിന്ദച്ചാമിയെ മണിക്കൂറുകൾക്ക് മുൻപാണ് പിടികൂടിയത്. തളാപ്പിലെ കുമാർ ബിൽഡിംഗിന്റെ കിണറ്റിൽ ഒളിച്ചിരുന്ന ഗോവിന്ദച്ചാമിയെ നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിലെ സുരക്ഷാ ജീവനക്കാരനും മുൻ സെെനികനുമായ ഉണ്ണികൃഷ്ണനാണ് ആദ്യം കണ്ടത്. തളാപ്പ് പരിസരത്ത് ഗോവിന്ദച്ചാമിയുണ്ടെന്ന വിവരത്തെ തുടർന്ന് പരിശോധന നടത്തിയതായിരുന്നു
'രാവിലെ വാർത്ത അറിഞ്ഞത് മുതൽ പൊലീസിനൊപ്പം തെരച്ചിൽ നടത്തി. ആദ്യം കിണറ്റിൽ ആരെയും കണ്ടില്ല. ഇടയ്ക്ക് വച്ച് ഗോവിന്ദച്ചാമിയെ പിടികൂടിയെന്ന വാർത്ത വന്നു. പിന്നെ ഇവിടെയുള്ള എല്ലാവരും അപ്പുറത്ത് പോയി. എന്നാൽ അൽപസമയത്തിനകം പ്രതിയെ പിടികൂടിയില്ലെന്ന് വിളിച്ചുപറഞ്ഞു. തുടർന്ന് സംശയം തോന്നി ഞാൻ വന്ന് കിണറ്റിൽ നോക്കിയപ്പോൾ അതിനുള്ളിൽ കയറിൽ തൂങ്ങി പ്രതി നിൽപ്പുണ്ടായിരുന്നു. മിണ്ടിയാൽ കുത്തിക്കൊല്ലുമെന്ന് പറഞ്ഞു. തമിഴ് കലർന്ന മലയാളത്തിൽ എന്നെ ഭീഷണിപ്പെടുത്തി. എന്നാൽ ഞാൻ മറ്റുള്ളവരെ വിവരം അറിയിക്കുകയായിരുന്നു. ഞാൻ ശബ്ദം ഉണ്ടാക്കിയപ്പോഴാണ് പൊലീസ് ഓടിവന്നത്'- ഉണ്ണികൃഷ്ണൻ പറഞ്ഞു.