മംഗളൂരു: ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകനെ വെട്ടിക്കൊന്ന സംഭവത്തില്‍ എട്ടുപേര്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ട്. ഇവരെ വിശദമായി ചോദ്യംചെയ്തുവരികയാണെന്നും ശനിയാഴ്ച വൈകീട്ടോടെ അറസ്റ്റ് സംബന്ധിച്ച് പോലീസ് ഔദ്യോഗിക പ്രതികരണം നടത്തുമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകനും കൊലപാതകക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിയുമായ ബണ്ട്വാള്‍ പുഞ്ചലക്കട്ട സ്വദേശി സുഹാസ് ഷെട്ടി (36)യെയാണ് നടുറോഡിലിട്ട് വെട്ടിക്കൊന്നത്. വ്യാഴാഴ്ച രാത്രി എട്ടരയോടെ ബജ്‌പെ കിന്നിപ്പദവു ക്രോസില്‍ നാട്ടുകാര്‍ നോക്കിനില്‍ക്കെയാണ് ആറംഗസംഘം കൊലപാതകം നടത്തിയത്. ഇതിന്റെ ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
സംഭവത്തില്‍ പ്രതികളെ പിടികൂടാനായി അഞ്ച് പ്രത്യേകസംഘങ്ങളായാണ് പോലീസ് അന്വേഷണം നടത്തുന്നത്. ഇതിനിടെയാണ് മംഗളൂരുവിലെ വിവിധഭാഗങ്ങളില്‍നിന്ന് എട്ടുപേരെ പിടികൂടിയെന്നുള്ള റിപ്പോര്‍ട്ട് പുറത്തുവരുന്നത്.
2022-ലെ സുറത്കല്‍ ഫാസില്‍ കൊലക്കേസിലെ ഒന്നാം പ്രതിയായ സുഹാസ് ഷെട്ടി കഴിഞ്ഞവര്‍ഷമാണ് ജാമ്യത്തിലിറങ്ങിയത്. കഴിഞ്ഞ വര്‍ഷമാണ് ഇയാള്‍ ഉള്‍പ്പെടെ മൂന്നു പ്രതികള്‍ ജാമ്യത്തില്‍ ഇറങ്ങിയത്. സുഹാസിന്റെ പേരില്‍ ജില്ലയില്‍ അഞ്ച് ക്രിമിനല്‍ കേസുകളുണ്ടെന്ന് പോലീസ് വ്യക്തമാക്കി.സുഹാസ് ഷെട്ടി സുഹൃത്തുക്കളായ പ്രജ്വല്‍, അന്‍വിത് ലതീഷ്, സഞ്ചയ്, ശശാങ്ക് എന്നിവര്‍ക്കൊപ്പം കാറില്‍ സഞ്ചരിക്കുമ്പോഴാണ് ആക്രമണം ഉണ്ടായത്.