പത്തനംതിട്ട: പോക്‌സോ കേസിനെത്തുടർന്ന് അടൂരിലെ സ്വകാര്യ അനാഥാലയത്തിൽ നിന്ന് ശിശുക്ഷേമ സമിതി കുട്ടികളെ മാറ്റി. 24 കുട്ടികളെയാണ് മാറ്റിപ്പാർപ്പിച്ചത്.അനാഥാലയത്തിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ചതിൽ പൊലീസ് പോക്‌സോ കേസ് രജിസ്റ്റർ ചെയ്തിരുന്നു.അനാഥാലയത്തിലെ നടത്തിപ്പുകാരിലൊരാൾ ഈ അന്തേവാസിയെ വിവാഹം ചെയ്തിരുന്നു. ഇവർക്ക് കുഞ്ഞ് ജനിച്ചതോടെയാണ് പരാതി ഉയർന്നത്. ഗർഭധാരണം നടന്നത് പ്രായപൂർത്തിയാകുന്നതിന് മുൻപേ ആണെന്നാണ് ശിശുക്ഷേമ സമിതിയുടെ കണ്ടെത്തൽ. തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് കുട്ടികളെ മാറ്റിയത്.
സ്ഥാപനത്തിനെതിരെ ഗൗരവമേറിയ പരാതിയും കേസും വന്നതോടെയാണ് അന്തേവാസികളായ കുട്ടികളെ ഏറ്റെടുത്ത് സുരക്ഷിതമായി മാറ്റാൻ ശിശുക്ഷേമ സമിതി തീരുമാനിച്ചത്.ജില്ലയിലെ തന്നെ നാല് സ്ഥാപനങ്ങളിലേക്കാണ് കുട്ടികളെ മാറ്റിയത്. ഇവരുടെ തുടർവിദ്യാഭ്യാസം ശിശുക്ഷേമ സമിതി ഉറപ്പാക്കും. കേന്ദ്രത്തിലുള്ള വയോജനങ്ങളുടെ കാര്യത്തിൽ സാമൂഹ്യ നീതി വകുപ്പ് പിന്നീട് തീരുമാനമെടുക്കും. അറസ്റ്റ് അടക്കമുള്ള നടപടിയിലേക്ക് പൊലീസ് നീങ്ങിയാൽ സ്ഥാപനത്തിന്റെ അംഗീകാരം റദ്ദാക്കാനാണ് സാധ്യത. എന്നാൽ അംഗീകാരം റദ്ദാക്കാനുള്ള സാദ്ധ്യത മുന്നിൽകണ്ട് സ്ഥാപനത്തിന്റെ പ്രവർത്തനം നിർത്തുന്നതായി കാണിച്ച് നടത്തിപ്പുകാരി ശിശുക്ഷേമ സമിതിക്ക് കത്ത് നൽകിയെന്നാണ് വിവരം.