കൊല്ലം: സ്‌കൂളില്‍ വൈദ്യുതിക്കമ്പിയില്‍ തട്ടി ഷോക്കേറ്റ് മരിച്ച മിഥുന്റെ മൃതദേഹം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിൽ പൊതുദര്‍ശനത്തിന് വെച്ചു. ആ വിദ്യാലയ മുറ്റത്ത് കൂട്ടുകാര്‍ക്കു മുന്നില്‍ മിഥുൻ ചലനമറ്റു കിടന്നു. രണ്ടുദിവസംമുന്‍പുവരെ ചിരിച്ചും കളിച്ചും തങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന അവനെ ചേതനയറ്റ് കാണേണ്ടി വന്നതിന്റെ സങ്കടം കണ്ണീരായി.മിഥുനെ ഒരു നോക്കു കാണാനായി നൂറുകണക്കിനാളുകളാണ് സ്‌കൂള്‍ മുറ്റത്ത് എത്തിയിരുന്നു .
കുവൈത്തില്‍ ജോലി ചെയ്യുന്ന അമ്മ സുജ, രാവിലെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. ഇളയമകന്‍ സുജിനും അമ്മയെ കൂട്ടിക്കൊണ്ടുപോവാന്‍ വിമാനത്താവളത്തിലെത്തിയിരുന്നു. 9.50-ന് വിമാനത്താവളത്തില്‍നിന്ന് സുജയെ കൂട്ടി അവര്‍ വീട്ടിലേക്ക് പോയി. തേവലക്കര സ്‌കൂളില്‍നിന്ന് വീട്ടിലെത്തിച്ചശേഷം വൈകീട്ട് മിഥുന്‍റെ മൃതദേഹം സംസ്‌കരിക്കും.