അഴിയൂർ: ഇന്ധനം നിറയ്ക്കാൻ പെട്രോൾ പമ്പുകൾ യഥേഷ്ട്ടം തുറക്കുകയാണ് തലശ്ശേരി – മാഹി ആറുവരി ബൈപാസിൽ. ഒരു കിലോമീറ്ററിനുള്ളിൽ 14 പെട്രോൾ പമ്പുകളാണ് ആരംഭിക്കുന്നത്. ഇതിൽ ആറെണ്ണം പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. പുതുച്ചേരി സംസ്ഥാനത്തിന്റെ ഭാഗമായുള്ള മാഹിയിൽ നികുതി ഇളവു കാരണം ഇന്ധനത്തിനുള്ള വിലക്കുറവാണ് വാഹന ഉടമകളെ ഇവിടേക്ക് ആകർഷിക്കുന്നത്.
നേരത്തേ മാഹി ടൗണിൽ മാത്രമാണ് പ്രധാനമായും പമ്പുകളുണ്ടായിരുന്നത്. ടൗൺ ഒഴിവാക്കി ദേശീയപാത വന്നതോടെയാണ് അതിന്റെ സർവീസ് റോഡുകളുടെ സമീപം പമ്പുകൾ വരുന്നത്. തലശ്ശേരി ഭാഗത്തുനിന്നു ആറുവരി ദേശീയപാതയിലൂടെ കോഴിക്കോട് ഭാഗത്തേക്കു യാത്ര ചെയ്യുമ്പോൾ ബൈപാസിൽ കാണുന്ന ഏക മേൽപാലം മുതൽ സിഗ്നൽ പോസ്റ്റ് വരെ ഇരു ഭാഗത്തുമായി നിലവിൽ ആറു പെട്രോൾ പമ്പുകൾ ഉണ്ട്.
ബൈപാസിൽ 14 പമ്പുകൾ യാഥാർഥ്യമാവുമ്പോൾ മാഹിയിലെ പള്ളൂർ പ്രദേശം രാജ്യത്തെ ബൈപാസ് സംവിധാനത്തിൽ ഏറെ പ്രത്യേകതയുള്ള സ്ഥലമായി മാറും. വടകര ഭാഗത്തേക്കു പോകുമ്പോൾ മേൽപാലം കഴിഞ്ഞാൽ സർവീസ് റോഡിൽ നാലും തലശ്ശേരി ഭാഗത്തു നിന്നു വരുമ്പോൾ രണ്ടുമാണു പ്രവർത്തനം ആരംഭിച്ച പുതിയ പമ്പുകൾ.