പ്രശസ്ത തമിഴ് സംവിധായകനും ഛായാഗ്രാഹകനുമായ വേലു പ്രഭാകരന്‍ (68) അന്തരിച്ചു. കഴിഞ്ഞ ഏതാനും ദിവസമായി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഏറെ നാളായി അദ്ദേഹത്തെ അസുഖങ്ങള്‍ അലട്ടിയിരുന്നു.
ചെന്നൈയിലെ വലസാരവാക്കത്ത് ശനിയാഴ്ച വൈകീട്ടുമുതല്‍ ഞായറാഴ്ച ഉച്ചവരെ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. പോരൂര് ശ്മശാനത്തില്‍ സംസ്‌കാരം.നടിയും സംവിധായകയുമായ ജയദേവിയാണ് ആദ്യ ഭാര്യ. വിവാഹമോചനത്തിന് പിന്നാലെ 2017-ല്‍ നടി ഷേര്‍ളി ദാസിനെ വിവാഹംചെയ്തു.ഛായാഗ്രാഹകനായാണ് വേലു പ്രഭാകരന്‍ സിനിമാ ജീവിതം ആരംഭിച്ചത്. 1989-ല്‍ സ്വതന്ത്രസംവിധായകനായി. 2017 വരെ 11-ഓളം ചിത്രങ്ങള്‍ സംവിധാനം ചെയ്തു. കാതല്‍ കഥൈ ആണ് വേലു പ്രഭാകരന്റെ ശ്രദ്ധേയ സിനിമ. സെന്‍സര്‍ ബോര്‍ഡിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് വളരെ വൈകിയാണ് ചിത്രം റിലീസ് ചെയ്തത്.