ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കനത്ത മഴയെ തുടര്‍ന്ന് മരംകടപുഴകി വീണ് നാലുപേര്‍ മരിച്ചു. ദ്വാരകയില്‍ വീടിന് മുകളില്‍ മരം വീണ് അമ്മയും മൂന്ന് കുട്ടികളുമാണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെമുതല്‍ ഡല്‍ഹിയിലെ വിവിധയിടങ്ങളില്‍ കനത്ത മഴ പെയ്തുകൊണ്ടിരിക്കുകയാണ്. ശക്തമായ കാറ്റും ഇടിമിന്നലുമുണ്ട്.
വിവിധയിടങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടര്‍ന്ന് ഗതാഗതതടസ്സവുമുണ്ടായി. മരംകടപുഴകി വീണതിനെ തുടര്‍ന്ന് വലിയ തോതിലുള്ള നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മരംവീണ് കാറുകള്‍ക്കും വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.കനത്ത മഴ തുടരുന്നത് വിമാനസര്‍വീസുകളെയും ബാധിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ നിന്ന് പുറപ്പെടുന്ന 20-ഓളം വിമാനങ്ങള്‍ വൈകി. മൂന്ന് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. മഴ തുടരുന്ന പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ കാലാവസഥാവകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.