കൊയിലാണ്ടി: റെയിൽവേ സ്റ്റേഷന് സമീപം കാവുംവട്ടം സ്വദേശി പറയച്ചാൽ മീത്തൽ ഇസ്മയിലിനെ (45) കരിങ്കല്ല് കൊണ്ട് ആക്രമിച്ച് ഗുരുതര പരിക്കേൽപിക്കുകയും മൊബൈൽ ഫോൺ കവരുകയും ചെയ്ത പ്രതികൾ അറസ്റ്റിൽ. വിയ്യൂർ സ്വദേശി നവജിത് (24), കോക്കല്ലൂർ പുലച്ചില്ല മലയിൽ വിഷ്ണു (29) എന്നിവരാണ് പിടിയിലായത്. ബുധനാഴ്ച രാത്രി റെയിൽവേ പാളത്തിലൂടെ നടന്നു പോകുന്നതിനിടെ പ്രതികൾ പാളത്തിൽ വെച്ച് കരിങ്കല്ല് ഉപയോഗിച്ച് തലയിലും മുഖത്തും മാരകമായി കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു.
മൊബൈൽ ഫോണും തട്ടിയെടുത്തു. തളർന്നുപോയ ഇസ്മയിൽ പിന്നീട് നടന്ന് കൊയിലാണ്ടി ഗവ. താലൂക്കാശുപത്രിയിൽ എത്തുകയായിരുന്നു. തുടർന്നാണ് വിവരം പുറത്തറിഞ്ഞത്. വിദഗ് ധ ചികിത്സക്കായി ഇസ്മയിലെനെ മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയി. ഇയാളുടെ തലയിലും മുഖത്തുമായി 24 ഓളം തുന്നിട്ടു. വിഷ്ണുവിനെ കൊയിലാണ്ടി ബീച്ചിൽനിന്നും നവജിത്തിനെ കോഴിക്കോട് ബീച്ചിൽ നിന്നും പൊലീസ് പിടികൂടുകയായിരുന്നു. കവർച്ച, ആക്രമിച്ച് പരിക്കേൽപിക്കുക തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചാർജ് ചെയ്തിരിക്കുന്നത്.