
വടകര: മണിയൂര്‍ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിനിടെ പെണ്‍കുട്ടിക്കെതിരെ ലൈംഗികാതിക്രമുണ്ടായ സംഭവത്തിൽ പഞ്ചായത്തിനെ പ്രതിസ്ഥാനത്ത് നിർത്തിയുള്ള പ്രചരണങ്ങൾ അങ്ങേയറ്റം അപലപനീയമാണെന്ന് പ്രസിഡന്റ് ടി.കെ അഷ്‌റഫ്.അതിജീവിതക്ക് ഒപ്പം നിന്ന് അവർക്ക് ആവശ്യമായ നിയമ സംരക്ഷണം ഒരുക്കലാണ് പൗര ബോധമുള്ള എല്ലാവരും ചെയ്യാറുള്ളത്. അത് കൃത്യമായി നിർവ്വഹിക്കാൻ മണിയൂർ പഞ്ചായത്തിനും കഴിഞ്ഞിട്ടുണ്ട്. പഞ്ചായത്തിനെതിരെ മറ്റൊന്നും പറയാനില്ലാത്ത പ്രതിപക്ഷം രാഷ്ട്രിയ ലാഭത്തിനായുള്ള ആഭാസ സമരങ്ങളും വ്യാജ പ്രചരണങ്ങളും നടത്തി വരികയാണ്'
ഇതിനെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്ന് മണിയൂർ പഞ്ചായത്തിലെ പൗരാവലിയോട് അഭ്യർത്ഥിക്കുന്നതായും ടി.കെ അഷ്‌റഫ് പത്രക്കുറിപ്പിൽ പറഞ്ഞു.
പത്രക്കുറിപ്പിന്റെ പൂർണരൂപം
ഈ കഴിഞ്ഞ ഒക്ടോബർ 20 ന് മണിയൂർ പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടിൽ വെച്ച് പഞ്ചായത്ത് കേരളോത്സവത്തിൻ്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. രാത്രി 8മണിക്ക് മിക്ക പരിപാടികളും സമാപിച്ചിരുന്നു. ഈ സമയത്ത് ഒരു മത്സരാർഥിയായ പെൺ കുട്ടിയുടെ ശരീരത്തിൽ ഒരാൾ ദുരുദ്ദേശ്യപരമായി സ്പർശിച്ചു എന്ന പരാതിയുമായി പെൺ കുട്ടിയോടൊപ്പം ചില ജനപ്രതിനിധി കളും സംഘാടകരിൽ ചിലരും എന്നെ സമീപിച്ചിരുന്നു.
അപ്പോൾ തന്നെ ഈ കാര്യത്തിൽ വെറേ ചർച്ചയില്ല എന്നും ഉചിതമായ നിയമ നടപടിയിലേക്ക് നീങ്ങാൻ പെൺകുട്ടിയോടും എന്നെ സമീപിച്ചവരോടും പ്രസിഡൻ്റ് എന്ന നിലയിൽ ഞാൻ നിർദ്ദേശിക്കുകയാണ് ആദ്യം ചെയ്തത്. തുടർന്ന് അന്ന് രാത്രി തന്നെ അതിജീവിത പഠിക്കുന്ന വിദ്യാലയത്തിലെ ലേഡി കൗൺസിലറെ വിളിച്ച് പരാതി സംബന്ധിച്ച കാര്യങ്ങൾ ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു. അതിജീവിത സകൂളിൽ എത്തിയാൽ കുട്ടിയെ വിളിച്ചു വരുത്തി വിവരങ്ങൾ ശേഖരിച്ച് ഉചിതമായ നിയമനടപടിയിലേക്ക് നീങ്ങാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഒക്ടോബർ 21 ന് രാവിലെ കുട്ടിയുടെ പരാതി പ്രിൻസിപ്പാൾ പയ്യോളി പോലീസ് സ്റ്റേഷനിലേക്ക് കൈമാറുകയും , വൈകിട്ടോടെ പെൺകുട്ടിയുടെ മൊഴി പോലീസ് നേരിട്ട് ശേഖരിച്ച് FIR രജിസ്റ്റർ ചെയ്ത് പ്രതിയെ നിയമത്തിൻ്റെ മുന്നിലേക്ക് കൊണ്ട് വരാനുള്ള നടപടി ആരംഭിക്കുകയും ചെയ്തത്. മേൽ സൂചിപ്പിച്ച നടപടികളെല്ലാം അതീവഗൗരവത്തോടെ കാണുകയും ഇടപെടുകയും ചെയ്യുന്നതിൽ പഞ്ചായത്ത് അധികൃതരും സ്കൂൾ അധികൃതരും നടത്തിയ പ്രവർത്തനം മാതൃകാപരമാണ് .
ആ കാര്യത്തിൽ അതിജീവിതക്കോ അവരുടെ രക്ഷിതാക്കൾക്കോ ഒരു പരാതിയും നിലവിലുള്ളതായി അറിവില്ല.ഇത്തരം ഒരു സാഹചര്യത്തിൽ പ്രതിയെ അറസ്റ്റ് ചെയ്ത് നിയമത്തിൻ്റെ മുന്നിൽ കൊണ്ടുവരിക എന്ന കർത്തവ്യം പോലീസിന്റേതാണ് എന്ന വസ്തുത നിയമത്തെപ്പറ്റി പ്രാഥമിക ധാരണ ഉള്ളവർക്കെല്ലാം അറിയാം.
എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായി "കുളം കലക്കി മീൻ പിടിക്കാൻ" ശ്രമിക്കുന്ന ചിലർ യുവജന സംഘടനകളുടെ പേരിൽ സമരാഭാസം നടത്തി പഞ്ചായത്തിനെ പ്രതിസ്ഥാനത്ത് നിർത്തിയുള്ള പ്രചരണങ്ങൾ അങ്ങേയറ്റം അപലപനീയമാണ്.വരാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കൊണ്ട് നടത്തി കൊണ്ടിരിക്കുന്ന ഈ പൊറാട്ട് നാടകങ്ങളുടെ ലക്ഷ്യം എന്തെന്ന് മണിയുരിലെ ജനങ്ങൾക്ക് മനസ്സിലാക്കാൻ പ്രയാസമുണ്ടാവില്ല.
ജില്ലയിലെ മികച്ച പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ട മണിയൂർ പഞ്ചായത്തിനെ രാഷ്ട്രീയമായി നേരിടാൻ പറ്റുന്നില്ല എന്ന് കണ്ടപ്പോൾ ദുഷ്പ്രചരണങ്ങളും അസത്യങ്ങളും പ്രചരിപ്പിച്ച് പ്രസിഡൻ്റിനെയും പഞ്ചായത്ത് സെക്രട്ടറിയേയും ആക്ഷേപിക്കാനും വ്യക്തിഹത്യ നടത്താനുമാണ് ഇപ്പോൾ UDYF സംഘം പരിശ്രമിച്ച് കൊണ്ടിരിക്കുന്നത്
നാട്ടിൽ ഇത്തരം സംഭവങ്ങൾ അപൂർവ്വമായി ഉണ്ടാകുമ്പോൾ അതിജീവിതക്ക് ഒപ്പം നിന്ന് അവർക്ക് ആവശ്യമായ നിയമ സംരക്ഷണം ഒരുക്കലാണ് പൗര ബോധമുള്ള എല്ലാവരും ചെയ്യാറുള്ളത്. അത് കൃത്യമായി നിർവ്വഹിക്കാൻ മണിയൂർ പഞ്ചായത്തിനും കഴിഞ്ഞിട്ടുണ്ട് എന്ന ഉറച്ച വിശ്വാസം ഞങ്ങൾക്കുണ്ട്.പഞ്ചായത്തിനെതിരെ മറ്റൊന്നും പറയാനില്ലാത്ത പ്രതിപക്ഷം രാഷ്ട്രിയ ലാഭത്തിനായുള്ള ആഭാസ സമരങ്ങളും വ്യാജ പ്രചരണങ്ങളും നടത്തി വരികയാണ്'
ഇതിനെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്ന് മണിയൂർ പഞ്ചായത്തിലെ പൗരാവലിയോട് അഭ്യർത്ഥിക്കുന്നു.