കോഴിക്കോട്: ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന 15 വയസ്സുകാരിക്കെതിരെ അതിക്രമം നടത്തിയ രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ കസബ പോലീസും ടൗണ്‍ അസി. കമ്മിഷണര്‍ അഷ്‌റഫ് ടി.കെ.യുടെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സക്വാഡും ചേര്‍ന്ന് പിടികൂടി. ബിഹാര്‍ കിഷന്‍ഗഞ്ച് സ്വദേശികളായ ഫൈസാന്‍ അന്‍വര്‍ 36, ഹിമാന്‍ അലി 18 എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഈ മാസം 28-ാം തീയതിയാണ് സംഭവം. നഗരത്തില്‍നിന്ന് ട്യൂഷന്‍ കഴിഞ്ഞ് ബസ്സിറങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്ന പതിനഞ്ചുവയസ്സുകാരിയെ പിന്തുടര്‍ന്ന് പ്രതികള്‍ അതിക്രമം നടത്തുകയായിരുന്നു. ചെറുത്തുനിന്ന പെണ്‍കുട്ടി നിലവിളിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു. സംഭവത്തിനുശേഷം പ്രതികള്‍ രക്ഷപ്പെട്ടു.തുടര്‍ന്ന് കസബ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുകയായിരുന്നു.സംഭവ സ്ഥലത്തിനടുത്തുള്ള നിരവധി സിസിടിവി ദൃശ്യങ്ങളും ഇതര സംസ്ഥാന തൊഴിലാളികള്‍ പ്രദേശത്ത് കൂട്ടമായി താമസിച്ചുവരുന്ന സ്ഥലത്തും പരിശോധന നടത്തിയാണ് പോലീസ് പ്രതികളിലേക്കെത്തിയത്. സംഭവസ്ഥലത്തുനിന്ന് കിട്ടിയ സിമന്റ് പുരണ്ട ഒരു ചെരുപ്പാണ് കേസില്‍ വഴിത്തിരിവാകുന്നത്. കെട്ടിട നിര്‍മാണ തൊഴില്‍ ഏര്‍പ്പെട്ട ഇതരസംസ്ഥാന തൊഴിലാളികളാണ് പ്രതികളാണെന്ന് ഇതില്‍നിന്ന് പോലീസിന് മനസ്സിലായി. തുടര്‍ന്ന് ഇന്ന് ചാലപ്പുറം ഭജനകോവില്‍ റോഡിലെ ഇതരസംസ്ഥാന തൊഴിലാളികള്‍ കൂട്ടമായി താമസിക്കുന്ന സ്ഥലത്തുനിന്ന് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.