കുറ്റ്യാടി: കുറ്റ്യാടിയിൽ രാസലഹരി നല്‍കി വിദ്യാര്‍ഥികളെ പീഡിപ്പിച്ച സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍. കുറ്റ്യാടി അടുക്കത്ത് സ്വദേശി പാറക്ക്താഴ സഫീറിനെ ആണ് കുറ്റ്യാടി പൊലീസ് അറസ്റ്റ് ചെയ്തത്. രാസലഹരി നല്‍കി വിദ്യാര്‍ഥികളെ ലൈംഗികമായി ഉപദ്രവിച്ചയാളും കേസിലെ ഒന്നാം പ്രതിയുമായ അടുക്കത്ത് സ്വദേശി അജിനാസിന് എംഡിഎംഎ എത്തിച്ച് നല്‍കിയത് സഫീര്‍ ആണെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
അടുക്കത്തെ വീട്ടില്‍ നിന്ന് പിടികൂടിയ പ്രതിയെ കോടതില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കേസില്‍ നേരത്തെ അജിനാസിനെ കൂടാതെ ഭാര്യ മിസ്രിയയെയും അറസ്റ്റ് ചെയ്തിരുന്നു. മൂന്നാമത്തെ അറസ്റ്റാണിത്. ഒരു വര്‍ഷം മുന്‍പ് പരാതിക്കാരനായ പതിനെട്ടുകാരനെ ലഹരിനല്‍കി പീഡിപ്പിച്ചെന്നാണ് ആദ്യത്തെ കേസ്. പിന്നാലെ മറ്റൊരു വിദ്യാര്‍ഥി കൂടി പരാതിയുമായെത്തി. മൂന്നാമത്തെ കേസില്‍ പെണ്‍കുട്ടിയാണ് പരാതി നല്‍കിയത്. ആദ്യത്തെ കേസിലെ പരാതിക്കാരന്‍റെ സുഹൃത്താണ് ഈ പെണ്‍കുട്ടി. അജിനാസിന്‍റെ നിര്‍ബന്ധപ്രകാരം പെണ്‍കുട്ടിയെ എത്തിച്ചെന്നും പീഡിപ്പിച്ചെന്നുമാണ് കേസ്. ഇതുപോലെ പ്രായപൂര്‍ത്തിയാകാത്ത മറ്റുചില കുട്ടികളെക്കൂടി ഭീഷണിപ്പെടുത്തി എത്തിച്ചതായും സംശയമുണ്ട്.