തിരുവനന്തപുരം: പോത്തന്‍കോട് സുധീഷ് വധക്കേസില്‍ പതിനൊന്ന് പ്രതികള്‍ക്കും ജീവപര്യന്തം കഠിന തടവുശിക്ഷ. നെടുമങ്ങാട് എസ്.സി.എസ്.ടി. കോടതിയാണ് വിധി പ്രസ്താവിച്ചത്.
പോത്തന്‍കോട് കല്ലൂര്‍ പാണന്‍വിളയില്‍ സജീവിന്റെ വീട്ടില്‍വെച്ച് സുധീഷി(32)നെ വെട്ടിക്കൊന്ന സംഭവത്തിലാണ് വിധി. സുധീഷിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം കാല്‍ വെട്ടിയെടുത്ത് നഗരപ്രദക്ഷിണം നടത്തിയ സംഭവത്തിലെ 11 പ്രതികളും കുറ്റക്കാരെന്ന് ബുധനാഴ്ച കോടതി കണ്ടെത്തിയിരുന്നു.
പ്രോസിക്യൂഷന്‍ ഉന്നയിച്ച ഗൂഢാലോചന, പട്ടികജാതി പട്ടികവര്‍ഗ ആക്ട് എന്നിവ പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടില്ല. 2021 ഡിസംബര്‍ 11-നാണ് സംഭവം നടന്നത്. ഈ കേസിലെ ഒന്നാം പ്രതിയായ മങ്കാട്ടുമൂല ഉണ്ണി(സുധീഷ്)യുടെ സുഹൃത്തിനെ ദേഹോപദ്രവം ചെയ്തതിലും അമ്മയെ ആക്രമിച്ചതിലുമുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്കു നയിച്ചത്. ബന്ധുവിന്റെ വീട്ടില്‍ ഒളിവില്‍ക്കഴിയുകയായിരുന്ന സുധീഷിനെ കേസിലെ മൂന്നാം പ്രതി രാജേഷിന്റെ നേതൃത്വത്തില്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഒന്നാം പ്രതി ഉണ്ണി കാല്‍ വെട്ടിയെടുത്ത് റോഡിലെറിഞ്ഞ് ആനന്ദനൃത്തം ചവിട്ടിയത് നാട്ടിൽ ഭീതിപരത്തിയിരുന്നു. രണ്ടാം പ്രതി ശ്യാമും കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്തു. നിധീഷ്, നന്ദീഷ്, രഞ്ജിത്, ശ്രീനാഥ്, സൂരജ്, അരുണ്‍, ജിഷ്ണു, സച്ചിന്‍ എന്നിവരാണ് മറ്റു പ്രതികള്‍.
കേസില്‍ 88-ാം ദിവസം കുറ്റപത്രം സമര്‍പ്പിച്ചു. രണ്ട് കൊലക്കേസുകളിലെ പ്രതിയായ ചിറയിന്‍കീഴ് അഴൂര്‍ സ്വദേശി രാജേഷാണ് കൊല ആസൂത്രണംചെയ്തതും ആളുകളെ കൂട്ടിയതും. ഒളിവില്‍പ്പോകുന്നതിന് പണവും വാഹനവും തയ്യാറാക്കിവെച്ചും ജാമ്യത്തിലിറങ്ങുന്നതിനുള്ള വഴികള്‍ ആലോചിച്ചുറപ്പിച്ചുമാണ് രാജേഷടങ്ങുന്ന സംഘം കൊലപാതകം നടത്തിയത്.