കൊച്ചി: താനുള്‍പ്പെട്ട വിവാദങ്ങളില്‍ പ്രതികരണവുമായി നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. താന്‍ ഒരു നടന്റേയും പേര് പറഞ്ഞിട്ടില്ല എന്ന് പറഞ്ഞ ലിസ്റ്റിന്‍ സ്റ്റീഫന്‍ നടന്റെ ആരാധകര്‍ തനിക്കെതിരെ സൈബര്‍ ആക്രമണം നടത്തുന്നുവെന്ന് ആരോപിച്ചു. മലയാള സിനിമയിലെ ഒരു നടന്‍ വലിയ തെറ്റിന് തിരികൊളുത്തിയെന്നും ഇനിയും ആവര്‍ത്തിച്ചാല്‍ അത് വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും നേരത്തേ ലിസ്റ്റിന്‍ പറഞ്ഞിരുന്നു. പിന്നാലെ ഈ നടന്‍ നിവിന്‍ പോളിയാണെന്ന തരത്തില്‍ സാമൂഹികമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ നടന്നു.
ആ നടന്‍ നിവിന്‍ പോളി ആണോ അല്ലയോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ആണെന്നോ അല്ലെന്നോ ലിസ്റ്റിന്‍ മറുപടി പറഞ്ഞില്ല. 'നിങ്ങള്‍ പറഞ്ഞ നടനെതിരെ ഞാനെന്തെങ്കിലും പറഞ്ഞിട്ടുണ്ടോ? പറയേണ്ടതാണെങ്കില്‍ പറയേണ്ട സമയത്ത് പേടിയില്ലാതെ പറയുക തന്നെ ചെയ്യും. നാളെ സിനിമയെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും കുഴപ്പമില്ല. എനിക്ക് കഞ്ഞികുടിക്കാനുള്ള വക ഞാനുണ്ടാക്കിയിട്ടുണ്ട്.' -ലിസ്റ്റിന്‍ പറഞ്ഞു.
'താരമാണെന്ന് വിചാരിച്ച് ആക്രമിക്കുമോ? നമ്മളെ പോലുള്ള സാധാരണക്കാര്‍ ടിക്കറ്റെടുത്താണ് ഇവരെ വലിയ ആളാക്കിയത്. വലിയ ആളായിക്കഴിഞ്ഞാല്‍ 'എന്റെ ഫാന്‍സ്' എന്ത് ചെയ്യും? എന്നെ ഇല്ലാതാക്കുമോ? നിങ്ങള്‍ക്ക് പരിശോധിച്ചാല്‍ മനസിലാകും. എനിക്കെതിരെ വലിയ ആക്രമണമാണ് നടക്കുന്നത്.' -ലിസ്റ്റിന്‍ തുടര്‍ന്നു.
'ബേബിഗേള്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ വേറെയൊരു പ്രശ്‌നമുണ്ടായി. ഞാനറിഞ്ഞിട്ടാണോ അവിടെ കഞ്ചാവ് പിടിക്കുന്നത്? എന്റെ പരിപാടി കഞ്ചാവ് കൃഷിയാണോ? എന്റെ കയ്യില്‍ നിന്ന് പിടിച്ചാല്‍ എന്നോട് ചോദിക്കാം. ഞാന്‍ മൂന്നോ നാലോ സിനിമ എടുക്കുന്നുണ്ട്. അവിടെയൊക്കെ ആരൊക്കെ എന്തൊക്കെ കൊണ്ടുവരുന്നുണ്ടെന്ന് നമുക്ക് എങ്ങനെ അറിയാന്‍ പറ്റും? പിടിക്കപ്പെടുന്നവരെ നമുക്ക് സസ്‌പെന്‍ഡ് ചെയ്യാന്‍ പറ്റും.' -ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞു.