ന്യൂഡൽഹി: യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ, അതൊഴിവാക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി.സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിലാണ് ഹർജി നൽകിയിരിക്കുന്നത്. അഭിഭാഷകൻ കെആർ സുഭാഷ് ചന്ദ്രൻ സമർപ്പിച്ച ഹർജി ഈ മാസം 14ന് സുപ്രീം കോടതി പരിഗണിക്കും. വധശിക്ഷ നടപ്പാക്കുന്നത് തടയാൻ അടിയന്തര നയതന്ത്ര ഇടപെടൽ ഉണ്ടാകണമെന്ന് ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു.
നിമിഷപ്രിയയ്ക്കായി പ്രവർത്തിക്കുന്ന സാമുവലും സേവ് നിമിഷപ്രിയ ആക്ഷൻ കമ്മിറ്റിയും നാലു വിധത്തിലാണ് ഇടപെടലുകൾ നടത്തുന്നത്. കേന്ദ്ര വിദേശകാര്യ മന്ത്രാലയവും ഇതിനായി മുന്നിലുണ്ട്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഉത്തരവ് താത്കാലികമായി ഒരു മാസത്തേക്കെങ്കിലും മരവിപ്പിക്കുകയെന്നതാണ് ആദ്യ ശ്രമമെന്ന് സാമുവൽ പറഞ്ഞു. ഇന്ന് ഇതിനായി സനായിലേക്ക് പുറപ്പെടും.