തിരുവനന്തപുരം: കേരളത്തിൽ കാലവര്‍ഷം നേരത്തെ എത്തിയ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ച് സര്‍ക്കാര്‍. രാത്രിയാത്രകള്‍ കഴിയുന്നതും ഒഴിവാക്കണമെന്ന് റവന്യൂ മന്ത്രി കെ.രാജന്‍ അഭ്യര്‍ഥിച്ചു. ജില്ലാ കളക്ടര്‍മാരുമായി ചേര്‍ന്ന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
ദുരന്ത പ്രദേശങ്ങളില്‍ അധിവസിക്കുന്ന ജനങ്ങള്‍ മഴ ശക്തമാകുന്ന സാഹചര്യത്തില്‍ ബന്ധുവീടുകളിലേക്കോ ക്യാമ്പുകളിലേക്കോ മാറണമെന്നും മന്ത്രി അറിയിച്ചു. ഓരോ സമയത്തെയും മുന്നറിയിപ്പുകള്‍ക്ക് അനുസരിച്ച് മാത്രമേ മത്സ്യബന്ധനത്തൊഴിലാളികള്‍ കടലിലേക്ക് പോകാവൂ. കനത്ത മഴ നാശം വിതയ്ക്കാന്‍ സാധ്യതയുളള പ്രദേശങ്ങള്‍ക്കൊപ്പം അതിന് വിധേയരാകാന്‍ സാധ്യതയുള്ള ജനങ്ങളുടെ എണ്ണവും ഇക്കുറി വിലയിരുത്തിയിട്ടുണ്ട്. ആളുകളെ മാറ്റിപാര്‍പ്പിക്കേണ്ട സാഹചര്യം വന്നാല്‍ അവരെ എവിടേക്ക് മാറ്റണമെന്നത് സംബന്ധിച്ച് സൂചനകള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 3,950 ക്യാമ്പുകള്‍ വേണ്ടിവന്നാല്‍ ആരംഭിക്കാനുളള മുന്‍കരുതല്‍ നടത്തിയിട്ടുണ്ടെന്നും മന്ത്രി കെ.രാജന്‍ അറിയിച്ചു. 5,29,539 പേരെ വരെ 3,950 ക്യാമ്പുകളില്‍ പാര്‍പ്പിക്കാനുളള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.