കൊച്ചി: സംവിധായകരായ ഖാലിദ് റഹ്‌മാനും അഷ്‌റഫ് ഹംസയും കഞ്ചാവുമായി പിടിയിലായ കേസില്‍ സംവിധായകനും ഛായാഗ്രാഹകനുമായ സമീര്‍ താഹിറിന് എക്‌സൈസിന്റെ നോട്ടീസ്. ഏഴുദിവസത്തിനുള്ളില്‍ എക്‌സൈസ് അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസില്‍ ഹാജരാവാനാണ് നിര്‍ദേശം. സമീര്‍ താഹിറിന്റെ ഫ്‌ളാറ്റില്‍വെച്ച് കഞ്ചാവ് ഉപയോഗിക്കാന്‍ ഒരുങ്ങുമ്പോഴായിരുന്നു സംവിധായകരടക്കം മൂന്നുപേര്‍ എക്‌സൈസിന്റെ പിടിയിലായത്.
ഫ്‌ളാറ്റ് ഏറെക്കാലമായി എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. നിരവധി സിനിമാ പ്രവര്‍ത്തകര്‍ ഇവിടെ വരികയും പോവുകയും ചെയ്തിരുന്നു. ഇവിടെ ലഹരി ഉപയോഗം നടക്കുന്നുണ്ട് എന്ന വിവരവും തങ്ങള്‍ക്ക് ലഭിച്ചിരുന്നതായി എക്‌സൈസ് പറയുന്നു.സമീര്‍ താഹിറിനെ ചോദ്യംചെയ്ത ശേഷം അറസ്റ്റിലായ സംവിധായകരെ വീണ്ടും വിളിപ്പിക്കും.