വടകര: ദേശീയപാതയിൽ മൂരാട് പാലത്തിന് സമീപം കാറും ട്രാവലർ വാനും കൂട്ടിയിടിച്ച് നാലുപേർ മരിച്ചു. കാർ യാത്രക്കാരായ മൂന്ന് സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് 3.10 ഓടെയാണ് അപകടമുണ്ടായത്.
പത്തോളം പേർക്ക് പരിക്കേറ്റു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. മരിച്ചവർ മാഹി സ്വദേശികളാണെന്നാണ് സംശയം. മൃതദേഹങ്ങൾ വടകര സഹകരണ ആശുപത്രിയിലാണുള്ളത്. പരിക്കേറ്റ് ചികിത്സയിലുള്ള ചോറോട് സ്വദേശി സത്യനിൽനിന്ന് കാറിൽ യാത്രചെയ്തവരുടെ വിവരം ശേഖരിച്ചുവരികയാണ്. കാർ മൂരാടിലെ പെട്രോൾ പമ്പിൽനിന്ന് എണ്ണ അടിച്ച് പുറത്തിറങ്ങി കോഴിക്കോട് ഭാഗത്തേക്ക് പോകവെയാണ് ട്രാവലറുമായി കൂട്ടിയിടിച്ചത്. കർണാടക സ്വദേശികൾ സഞ്ചരിച്ച ട്രാവലറിലെ എട്ടു പേർക്ക് പരിക്കുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.