വടകര: വീടിന്റെ സൺഷേഡിൽ കയറി നിന്ന ഇതര സംസ്ഥാന യുവാവ് പരിഭ്രാന്തി പരത്തി. വടകര വണ്ണാത്തി ഗേറ്റിൽ രാവിലെ 11.30 ഓടെയാണ് സംഭവം. മീത്തൽ രാമചന്ദ്രന്റെ വീട്ടിലെ സൺഷേഡിന് മുകളിലാണ് യുവാവ് നിലയുറപ്പിച്ചത്.
രാമചന്ദ്രന്റെ ഭാര്യ മുറ്റത്ത് നിൽക്കവേ മുകളിൽ നിന്നും ശബ്‍ദം കേട്ട് നോക്കുമ്പോഴാണ് കയ്യിൽ വടിയുമായി ഒരാൾ നില്ക്കുന്നത് കണ്ടത്. ഭയന്നു പോയ ഇവർ വീട്ടുകാരെയും അയൽ വാസികളെയും വിളിക്കുകയായിരുന്നു. ആളുകൾ എത്തിയതോടെ വടി കളഞ്ഞെങ്കിലും യുവാവ് താഴേക്ക് ഇറങ്ങാൻ തയ്യാറായില്ല. ഇതോടെ ആളുകൾ പോലീസിലും ഫയർ ഫോഴ്സിലും വിവരമറിയിച്ചു. ഫയർ ഫോഴ്‌സ് എത്തി വല വിരിച്ച് താഴെ ഇറക്കാനുള്ള ശ്രമം തുടങ്ങിയതോടെ ഇയാൾ സമീപത്തെ തെങ്ങിലേക്ക് ചാടുകയും ഊർന്ന് താഴെ വീഴുകയുമായിരുന്നു. ഇയാൾ എങ്ങനെ മുകളിൽ കയറി എന്നത് വ്യക്തമല്ല. രാവിലെ മുതൽ റോഡിൻറെ പല ഭാഗത്തായി ഇയാളെ കണ്ടിരുന്നതായി നാട്ടുകാർ പറയുന്നു. പാന്റും ഷർട്ടുമാണ് വേഷം.