വടകര: വീട്ടുകാരോട് പിണങ്ങി വീട് വിട്ടിറങ്ങിയ പതിനാറുകാരനെ പോലീസ് കണ്ടെത്തി. വെള്ളിയാഴ്ച രാവിലയോടെ സാൻഡ് ബാങ്ക്സ് പരിസരത്ത് വച്ചാണ് കോസ്റ്റൽ പോലീസിന്റെ സഹായത്തോടെ വടകര പോലീസ് പ്ലസ് വൺ വിദ്യാർത്ഥിയെ കണ്ടെത്തിയത്. വ്യഴാഴ്ച രാത്രിയാണ് വിദ്യാർത്ഥിയെ കാണാതായത്. തുടർന്ന് ബന്ധുക്കൾ വടകര പോലീസിൽ പരാതി നൽകുകയായിരുന്നു. രാത്രി മുഴുവൻ തിരഞ്ഞെങ്കിലും വിദ്യാർത്ഥിയെ കണ്ടെത്താൻ സാധിച്ചില്ല. രാത്രി മുഴുവൻ ഒരു ബോട്ടിൽ കിടന്നുറങ്ങിയ വിദ്യാർത്ഥി അതി രാവിലെ ചെറിയ വഞ്ചിയുമായി മൂരാട് പുഴയുടെ ഭാഗത്തേക്ക് തുഴഞ്ഞു പോവുകയായിരുന്നു.
പോലീസിനെ കണ്ടതോടെ വഞ്ചി കരയ്ക്കടുപ്പിച്ച് കാടുമൂടിയ ഭാഗത്തേക്ക് ഓടിയൊളിച്ചു. ഈ സമയം പോലീസ് മറ്റൊരിടത്തേക്ക് മാറി നിന്നു. പോലീസ് പോയെന്ന് മനസ്സിലാക്കിയതോടെ വിദ്യാർത്ഥി വീണ്ടും വഞ്ചിയുമായി ഇറങ്ങി. തുടർന്ന് സാൻഡ് ബാങ്ക്സ് പരിസരത്ത് വച്ച് കോസ്റ്റൽ പോലീസിന്റെ സഹായത്തോടെ പോലീസ് വിദ്യാർത്ഥിയെ കണ്ടെത്തി വടകര സ്റ്റേഷനിലേക്ക് എത്തിക്കുകയായിരുന്നു. പോലീസിന്റെ സമയോചിത ഇടപെടലാണ് വിദ്യാർത്ഥിയെ അപകടത്തിൽ നിന്നും രക്ഷിച്ചത്. അൽപ്പ ദൂരം കൂടി തുഴഞ്ഞു നീങ്ങിയിരുന്നുവെങ്കിൽ അഴിമുഖത്ത് വഞ്ചി മറിയാനും മരണം വരെ സംഭവിക്കാനും സാധ്യതയുണ്ടായിരുന്നു. ശേഷം കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി ബന്ധുക്കൾക്കൊപ്പം വിട്ടു. വടകര സി ഐ കെ മുരളീധരന്റെ നിർദേശ പ്രകാരം എസ് ഐ രഞ്ജിത്ത് എം കെ, എ എസ് ഐ ഗണേശൻ, എ എസ് ഐ റിതേഷ്, സി പി ഒമാരായ സജീവൻ, റഷീദ് എന്നിവർ ചേർന്നാണ് വിദ്യാർത്ഥിയെ കണ്ടെത്തിയത്.