ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. നിര്‍ണായകമായ ഈ ഘട്ടത്തില്‍ ഭീകരതയ്‌ക്കെതിരെ നമ്മള്‍ എപ്പോഴും ഒരുമിച്ച് നില്‍ക്കുന്നുവെന്ന് ഇന്ത്യ കാണിച്ചുകൊടുക്കേണ്ടത് അനിവാര്യമാണെന്ന് വ്യക്തമാക്കി കൊണ്ടാണ് രാഹുലിന്റെ കത്ത്.
'പഹൽഗാമിലെ ഭീകരാക്രമണം ഓരോ ഇന്ത്യക്കാരനേയും രോഷാകുലനാക്കിയിട്ടുണ്ട്. ഈ നിർണായകസമയത്ത് തീവ്രവാദത്തിനെതിരെ നാം ഒറ്റക്കെട്ടാണെന്ന് തെളിയിക്കേണ്ടതുണ്ട്. പാർലമെന്റിന്റെ ഇരുസഭകളും വിളിച്ചുചേർക്കുകയാണെങ്കിൽ ജനപ്രതിനിധികൾക്ക് അവരുടെ ഐക്യവും നിശ്ചയദാർഢ്യവും പ്രകടിപ്പിക്കാൻ അവസരം ഉണ്ടാവുമെന്ന് പ്രതിപക്ഷം കരുതുന്നു. എത്രയും വേഗം പ്രത്യേക സമ്മേളനം വിളിച്ചുചേർക്കണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.'എന്നിങ്ങനെയാണ് രാഹുൽ പറയുന്നത്.