ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യത്തിന് വഴിതെളിയുന്നു. കന്യാസ്ത്രീകള്‍ക്ക് ഇന്നോ നാളെയോ ജാമ്യം ലഭിക്കാനുള്ള നടപടികള്‍ തുടങ്ങിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ കേരളത്തില്‍ നിന്നുള്ള എംപിമാരെ അറിയിച്ചു. ജാമ്യാപേക്ഷയെ ഛത്തീസ്ഗഡ് സര്‍ക്കാര്‍ എതിര്‍ക്കില്ലെന്നും അദ്ദേഹം അറിയിച്ചു. കന്യാസ്ത്രീകള്‍ക്ക് എതിരായ കേസ് എന്‍ഐഎ കോടതിയിലേക്ക് വിടേണ്ട ആവശ്യമുണ്ടായിരുന്നില്ലെന്ന് അമിത് ഷാ കേരളത്തില്‍ നിന്നുള്ള യുഡിഎഫ്-എല്‍ഡിഎഫ് എംപിമാരോട് പറഞ്ഞു.
വിചാരണ കോടതിയില്‍ തന്നെ ജാമ്യാപേക്ഷ നല്‍കാനാണ് ശ്രമം. അങ്ങനെ ചെയ്താല്‍ ജാമ്യാപേക്ഷയെ ഛത്തീസ്ഗഡ് സര്‍ക്കാര്‍ എതിര്‍ക്കില്ല. കേസ് എന്‍ഐഎയ്ക്ക് വിട്ടത് സെഷന്‍സ് കോടതിയാണ്. അതിന്റെ ആവശ്യമുണ്ടായിരുന്നില്ല. എന്‍ഐഎ കോടതിയില്‍നിന്ന് കേസ് വിടുതല്‍ ചെയ്യാനുള്ള അപേക്ഷ ഛത്തീസ്ഗഡ് സര്‍ക്കാര്‍ തന്നെ നല്‍കുമെന്നും അമിത് ഷാ എംപിമാര്‍ക്ക് ഉറപ്പ് നല്‍കി. ഇന്ന് വിചാരണ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇന്നുതന്നെ ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയും അമിത് ഷാ പങ്കുവെച്ചു.