തിരുവനന്തപുരം : സിനിമ കോൺക്ലേവ് സമാപന ചടങ്ങിലെ വിവാദ പരാമർശത്തിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെതിരെ പൊലീസിൽ പരാതി. സാമൂഹിക പ്രവർത്തകൻ ദിനു വെയിലാണ് മ്യൂസിയം സ്റ്റേഷനിൽ പരാതി നൽകിയത്. അടൂരിന്റെ പരാമർശങ്ങൾ എസ്‌സി - എസ്ടി ആക്ട് പ്രകാരം കുറ്റകരമെന്നാണ് പരാതിയിൽ പറയുന്നത്. എസ്‌സി - എസ്ടി കമ്മിഷനും ദിനു വെയിൽ പരാതി നൽകി.
പട്ടികജാതി വിഭാഗത്തില്‍നിന്ന് സിനിമയെടുക്കാന്‍ വരുന്നവര്‍ക്ക് പരിശീലനം നല്‍കണമെന്നായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്റെ വിവാദ പരാമര്‍ശം. ചലച്ചിത്ര കോര്‍പറേഷന്‍ വെറുതെ പണം നല്‍കരുതെന്നും ഒന്നര കോടി നല്‍കിയത് വളരെ കൂടുതലാണെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. സ്ത്രീകളായത് കൊണ്ട് മാത്രം അവസരം കൊടുക്കരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു. അടൂരിനെ പിന്തുണച്ചും എതിർത്തും ഇതിനോടകം നിരവധി പേരാണ് രംഗത്തെത്തിയത്. ഇന്നലെ അടൂരിന്റെ പ്രസംഗത്തിനിടെ വേദിയിൽ നിന്നു തന്നെ പ്രതിഷേധം ഉയർന്നിരുന്നു.