കൊല്ലം: ട്രോളിങ് നിരോധനം തീരുന്നു. വ്യാഴാഴ്ച അർധരാത്രി നീണ്ടകര പാലത്തിലെ ചങ്ങലപ്പൂട്ടുകൾ തുറക്കും. മണി പന്ത്രണ്ടാകുമ്പോൾ ബോട്ടുകൾ പ്രതീക്ഷകളുടെ പ്രകാശവുമായി കടലിലേക്ക്.
52 ദിവസം നീണ്ടുനിന്ന ട്രോളിങ് നിരോധനമാണ് വ്യാഴാഴ്ച അവസാനിക്കുന്നത്. കേന്ദ്രസർക്കാർ കടൽമണൽ ഖനനവുമായി മുന്നോട്ടുപോകുമെന്നുള്ള ഭീഷണിയും പുറംകടലിൽ ചരക്കുകപ്പൽ മുങ്ങിയപ്പോൾ കടലിൽ ഒഴുകിനടക്കുന്ന കണ്ടെയ്‌നറുകളിൽ കുരുങ്ങി ലക്ഷങ്ങളുടെ വല നശിക്കുമോ എന്ന ആശങ്കയുമായാണ് ബോട്ടുടമകൾ ഇക്കുറി കടലിലിറക്കുന്നത്.ട്രോളിങ് നിരോധനം തുടങ്ങിയപ്പോൾ നാട്ടിൽപ്പോയ ഇതരസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ തിരിച്ചെത്തിത്തുടങ്ങിയിട്ടുണ്ട്. ഈ മേഖലയിൽ ഇപ്പോൾ 50 ശതമാനം തൊഴിലാളികളും ഇതരസംസ്ഥാനത്തിൽനിന്നുള്ളവരാണ്.