ന്യൂഡൽഹി: കെപിസിസി അധ്യക്ഷനെ മാറ്റുന്നതുമായി ബന്ധപ്പെട്ട ഒരു ചർച്ചയും നടക്കുന്നില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. വേണ്ട സമയത്ത് ഉചിതമായ തീരുമാനം ഉണ്ടാകുമെന്നും പാർട്ടിയിൽ എന്തെങ്കിലും തീരുമാനം വന്നാൽ അത് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കെപിസിസി പുതിയ അധ്യക്ഷനെ ഇന്ന് പ്രഖ്യാപിച്ചേക്കുമെന്ന് അഭ്യൂഹങ്ങൾ പുറത്തുവന്നിരുന്നു. എന്നാൽ, അതുണ്ടായേക്കില്ലെന്നാണ് ഇപ്പോൾ എഐസിസി ജനറൽ സെക്രട്ടറി വ്യക്തമാക്കുന്നത്. കെപിസിസി അധ്യക്ഷനെ മാറ്റുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നിട്ടുണ്ടെങ്കിലും സുധാകരൻ ഇതിന് വഴങ്ങാത്തതാണ് ഇപ്പോൾ കോൺഗ്രസിന് മുമ്പിൽ വെല്ലുവിളിയുയർത്തുന്നതെന്നാണ് സൂചന.കെ.സി. വേണുഗോപാൽ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് തൊട്ടുമുൻപ് വി.ഡി. സതീശനുമായി രാഹുൽ ഗാന്ധി ഫോണിൽ സംസാരിക്കുകയും ചെയ്തിരുന്നു. ഇതിനുശേഷം തിരിച്ചെത്തിയ കെ.സി. വേണുഗോപാൽ കെപിസിസി അധ്യക്ഷനെ മാറ്റുന്നത് സംബന്ധിച്ച വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കുകയായിരുന്നു