തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ ഉദ്ഘാടന ചടങ്ങ് സംബന്ധിച്ച് സാമൂഹികമാധ്യമപോസ്റ്റുമായി മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് ഉദ്ഘാടന വേദിയില്‍ ഇരിപ്പിടം ലഭിച്ചതിലാണ് പരിഹാസത്തോടെ റിയാസിന്റെ പോസ്റ്റ്.
റിയാസടക്കമുള്ള സംസ്ഥാനത്തെ മന്ത്രിമാര്‍ക്കും സിപിഎം സംസ്ഥാന സെക്രട്ടറി എംവി.ഗോവിന്ദനും സദസ്സിലാണ് ഇരിപ്പിടം ലഭിച്ചത്. മന്ത്രി കെ.എന്‍.ബാലഗോപാല്‍, എം.വി.ഗോവിന്ദന്‍, മുഖ്യമന്ത്രിയുടെ ഭാര്യ കമല എന്നിവര്‍ക്കൊപ്പമുള്ള സെല്‍ഫി ചിത്രമാണ് റിയാസ് പങ്കുവെച്ചത്. അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ വി.എന്‍.വാസവന്‍, ജി.ആര്‍.അനില്‍, സജി ചെറിയാന്‍ എന്നിവര്‍ വേദിയിലുണ്ട്.
'ഞങ്ങള്‍ സദസ്സിലുണ്ട്. രാജീവ് ചന്ദ്രശേഖര്‍ വേദിയിലും' റിയാസ് പോസ്റ്റില്‍ കുറിച്ചു.റിയാസിന്റെ പോസ്റ്റിന് രാഹുല്‍ മാങ്കൂട്ടത്തില്‍ പരിഹാസവുമായി എത്തി. നിങ്ങളുടെ സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന് നിങ്ങളുടെ മുന്നണിയുടെ കണ്‍വീനര്‍ സ്റ്റേജില്‍ ഉണ്ടാകുന്നത് സ്വാഭാവികമല്ലേയെന്നായിരുന്നു രാഹുലിന്റെ പരിഹാസം.