കൊച്ചി: ചെറായി ബീച്ചിൽ മദ്യലഹരിയിൽ അതിക്രമം നടത്തിയ വടകര സ്വദേശിനിയടക്കം നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചേന്ദമംഗലം സ്വദേശി രാഹുൽ ദേവ്, തൃശൂർ മേത്തല സ്വദേശി അജയ്, വടകര സ്വദേശി ഫർസാന, എറണാകുളം വടക്കേക്കര സ്വദേശി സിയ ഷിബു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
സുഹൃത്തിന്‍റെ വിവാഹത്തിന് ചെറായിയിൽ എത്തിയതാണ് ഇവർ. മദ്യപിച്ച് ലക്കുകെട്ട് ബീച്ചിലെത്തിയ ഇവർ കടയുടമയുമായി വാക്കുതർക്കമായി. ഇത് പിന്നീട് അസഭ്യം പറയലിലേക്ക് നീങ്ങി. കസേര വലിച്ചെറിഞ്ഞും മറ്റും യുവതിയുടെ നേതൃത്വത്തിലുള്ള സംഘം അക്രമമുണ്ടാക്കി. അരമണിക്കൂർ സമയം പ്രദേശത്താകെ ഇവർ ബഹളമുണ്ടാക്കി.തുടർന്ന് പൊലീസ് എത്തി നടപടിയെടുക്കുകയായിരുന്നു. ഇവർ താമസിച്ച മുറിയിൽ പൊലീസ് പരിശോധന നടത്തിയെങ്കിലും നിയമവിരുദ്ധമായി ഒന്നും കണ്ടെത്താനായില്ല. പൊതുസ്ഥലത്ത് പ്രശ്നമുണ്ടാക്കിയതിന് ജാമ്യംകിട്ടാവുന്ന വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.