ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ നിര്‍ണായക യോഗങ്ങള്‍ നടക്കുന്നു. യോഗങ്ങള്‍ക്കായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും അടക്കമുള്ളവർ പ്രധാനമന്ത്രിയുടെ വസതിയിലെത്തി. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ സുരക്ഷകാര്യ മന്ത്രിസഭാ സമിതി യോഗവും ഇന്ന് ചേരും.
പ്രധാനമന്ത്രി മോദി രാഷ്ട്രീയകാര്യ മന്ത്രിസഭാ സമിതിയുടെ യോഗത്തിന് അധ്യക്ഷത വഹിക്കും. തുടര്‍ന്ന് മന്ത്രിസഭാ സാമ്പത്തിക കാര്യ സമതിയുടെയും യോഗം ചേരും. അതിനുശേഷം മന്ത്രിസഭാ യോഗവും ചേരും. സൂപ്പര്‍ കാബിനറ്റ് എന്നറിയപ്പെടുന്ന കേന്ദ്ര മന്ത്രിസഭയിലെ ഉന്നത മന്ത്രിമാര്‍ ഉള്‍പ്പെടുന്ന രാഷ്ട്രീയകാര്യ മന്ത്രിസഭാ സമിതി യോഗം ഇതില്‍ പ്രധാനമാണ്. പുല്‍വാമ ഭീകരാക്രമണത്തെത്തുടര്‍ന്ന് 2019 ലാണ് സൂപ്പര്‍ കാബിനറ്റ് അവസാനമായി ചേര്‍ന്നത്. ബാലാകോട്ട് വ്യോമാക്രമണത്തിലൂടെയാണ് അന്ന് ഇന്ത്യ പ്രതികരിച്ചിരുന്നത്.പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താന് തിരിച്ചടി നല്‍കുന്ന കാര്യത്തില്‍ സേനകള്‍ക്ക് പൂര്‍ണസ്വാതന്ത്ര്യം നല്‍കാന്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തില്‍ തീരുമാനമെടുത്തിരുന്നു.