ജയ്പുര്‍: രാജസ്ഥാനിലെ ഝലാവറില്‍ സര്‍ക്കാര്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണ് ഉണ്ടായ അപകടത്തില്‍ ആറുകുട്ടികള്‍ കൊല്ലപ്പെട്ടു. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന രണ്ടുപേരുടെ നില ഗുരുതരമാണെന്ന് വിദ്യാഭ്യാസ സെക്രട്ടറി കൃഷ്ണ കുനാല്‍ പറഞ്ഞു. വെള്ളിയാഴ്ച രാവിലെ 8:30-ഓടെയായിരുന്നു സംഭവം.സര്‍ക്കാര്‍ സ്‌കൂളിന്റെ കെട്ടിടമാണ് തകര്‍ന്നുവീണത്.
പരിക്കറ്റവരെ മനോഹര്‍താന ആശുപത്രിയിലേക്ക് മാറ്റി. സംഭവസമയത്ത് കെട്ടിടത്തിനുള്ളില്‍ അധ്യാപകരെയും മറ്റ് ജോലിക്കാരെയും കൂടാതെ 60 കുട്ടികളും ഉണ്ടായിരുന്നതായാണ് വിവരം. ഒറ്റനിലക്കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്ന്, കെട്ടിടം മുഴുവനായും നിലംപൊത്തുകയായിരുന്നു.
തകര്‍ന്നുവീഴാറായ സ്ഥിതിയിലായിരുന്ന സ്‌കൂള്‍ കെട്ടിടത്തെക്കുറിച്ച് നിരവധി തവണ ബന്ധപ്പെട്ട അധികാരികള്‍ക്ക് പരാതി നല്‍കിയിരുന്നതായി സ്‌കൂള്‍ അധികൃതരും നാട്ടുകാരും പറഞ്ഞു. രക്ഷാപ്രവര്‍ത്തനം അവസാനിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. സ്ഥലത്ത് കഴിഞ്ഞ കുറച്ചുദിവസങ്ങളായി വലിയതോതില്‍ മഴപെയ്തിരുന്നു. ഇതാവാം കെട്ടിടം പെട്ടെന്ന് തകര്‍ന്നുവീഴാന്‍ കാരണം എന്ന് അധികൃതര്‍ പറയുന്നു.