ന്യൂഡല്‍ഹി: രാജ്യസഭയിലെ ബിജെപി അംഗസംഖ്യ നൂറു കടന്നു. 2022-ന് ശേഷം ആദ്യമായാണ് രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം നൂറു കടക്കുന്നത്. കേരളത്തില്‍നിന്നുള്ള സി. സദാനന്ദന്‍ ഉള്‍പ്പെടെയുള്ള നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ കൂടി സത്യപ്രതിജ്ഞ ചെയ്തതോടെയാണ് രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം 102 ആയി ഉയര്‍ന്നത്. സെപ്റ്റംബര്‍ ഒന്‍പതിന് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇത് പാര്‍ട്ടിക്ക് കൂടുതല്‍ ആത്മവിശ്വാസം പകരും.
2022-ല്‍ 13 രാജ്യസഭാ സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന് പിന്നാലെ ബിജെപിയുടെ രാജ്യസഭ അംഗങ്ങളുടെ എണ്ണം 97-ല്‍നിന്ന് 101 ആയി ഉയര്‍ന്നിരുന്നു. പിന്നീട് ബിജെപിയുടെ രാജ്യസഭയിലെ അംഗങ്ങളുടെ എണ്ണം 99 ആയി കുറഞ്ഞിരുന്നു. എന്നാല്‍, നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ കൂടി സത്യപ്രതിജ്ഞ ചെയ്തതോടെയാണ് ഇത് വീണ്ടും നൂറുകടന്ന് 102 ആയി ഉയര്‍ന്നത്.