ആയൂർ: ആയൂരിലെ തുണിക്കടയ്ക്കുള്ളിൽ മലപ്പുറം സ്വദേശിയായ ഉടമയെയും മാനേജരായ സ്ത്രീയെയും തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. കടയുടമ കരിപ്പൂർ കരിപ്പത്തൊടിയിൽ അലി (35), ചടയമംഗലം കുരിയോട് ചന്ദ്രവിലാസത്തിൽ രാജീവിന്റെ ഭാര്യ ദിവ്യമോൾ (40) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ കടയുടെ താഴെയുള്ള ഗോഡൗണിലെ ഹാളിലാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്.
വ്യാഴാഴ്ച രാത്രി ദിവ്യ വീട്ടിലെത്താത്തതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചിരുന്നു. ഫോൺ വിളിച്ചെങ്കിലും സ്വിച്ച് ഓഫായിരുന്നു. കടയിലെത്തിയ ജീവനക്കാരും ദിവ്യയുടെ ബന്ധുക്കളും നടത്തിയ പരിശോധനയിലാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടത്. കഴിഞ്ഞ ഓണക്കാലത്താണ് ആയൂർ-കൊട്ടാരക്കര റോഡിൽ തുണിക്കട തുടങ്ങിയത്. ആരംഭത്തിൽ പത്തോളം ജീവനക്കാരുണ്ടായിരുന്നു. പിന്നീട് ജോലിക്കാർ കുറഞ്ഞു. കടയുമായി ബന്ധപ്പെട്ട കണക്കുകളെല്ലാം ഇരുവരും ഒരുമിച്ചാണ് നോക്കിയിരുന്നതെന്ന് ജീവനക്കാർ പറഞ്ഞു. കടയുടമ അലിക്ക് പാർട്ണർഷിപ്പുള്ള ഫർണിച്ചർ ഷോറൂം ചടയമംഗലത്തും പ്രവർത്തിക്കുന്നുണ്ട്.