കൊച്ചി: കാഞ്ചീവരം എന്ന പേരിലുള്ള തന്റെ ബുട്ടീക്കിന്റെ വ്യാജ ഇൻസ്റ്റഗ്രാം പേജ് ഉപയോഗിച്ച് വ്യാജ ക്യൂആർ കോഡും വീഡിയോയും നിർമിച്ച് തട്ടിപ്പ് നടത്തിയെന്ന പരാതിയുമായി നടി ആര്യ. കാഞ്ചീവരം എന്ന പേരിലുള്ള റീട്ടൈൽ ഷോപ്പിന്റെ ഇൻസ്റ്റഗ്രാം പേജിന്റെ വ്യാജപേജുകൾ നിർമിച്ചും അതേ വീഡിയോകൾ എഡിറ്റ് ചെയ്ത് ഉപയോഗിച്ചുമാണ് തട്ടിപ്പ്. പതിനായിരത്തിലധികം വിലയുള്ള സാരികൾക്ക് ആയിരമോ രണ്ടായിരമോ വില പ്രദർശിപ്പിച്ചാണ് തട്ടിപ്പ്. ഇതോടെ കൂടുതൽ പേർ തട്ടിപ്പിനിരയായതായാണ് വിവരമെന്നും ആര്യ പറഞ്ഞു.
മെയ്മാസത്തിലാണ് എന്റെ ഉടമസ്ഥതയിലുള്ള കാഞ്ചീവരം എന്ന പേരിലുള്ള ബുട്ടീക്കിന്റെ ഇൻസ്റ്റഗ്രാം പേജ് വഴി സാരികൾ വാങ്ങാൻ ശ്രമിച്ചവർക്ക് പണം നഷ്ടമായതായുള്ള വിവരങ്ങൾ ലഭിച്ചത്. പലരും സാരികൾക്ക് വീഡിയോയിൽ കണ്ടിട്ടുള്ള നമ്പറിൽ ഓർഡർ നൽകും. ഇതോടെ പിന്നാലെ പണം അയക്കുന്നതിനായി അവർക്ക് ക്യൂആർ കോഡും അയച്ചു നൽകും. പണം അയച്ചാൽ ഉടൻ തന്നെ ഈ നമ്പർ ബ്ലോക്ക് ചെയ്യും. പിന്നീട് വസ്ത്രം ലഭിക്കേണ്ട തീയതി കഴിഞ്ഞതോടെയാണ് പലരും തട്ടിപ്പിനിരയായ വിവരം അറിയുന്നതും തന്നെ ബന്ധപ്പെട്ടതും- ആര്യ പറഞ്ഞു.