തിരുവനന്തപുരം: ഔദ്യോഗിക ജീവിതത്തില്‍നിന്ന് പടിയിറങ്ങിയ ശാരദാ മുരളീധരനെ പ്രകീര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉദ്യോഗസ്ഥ എന്നതിനപ്പുറം പുരോഗമന നിലപാടുകള്‍ ഉറക്കെപ്പറയാന്‍ ധീരത കാണിച്ച ശാരദ മുരളീധരന്റെ നിലപാട് മാതൃകാപരമാണെന്ന് മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. ശാരദ മുരളീധരനോടൊപ്പമുള്ള ചിത്രവും അദ്ദേഹം പോസ്റ്റില്‍ പങ്കുവെച്ചിട്ടുണ്ട്.
'സ്തുത്യര്‍ഹവും സുദീര്‍ഘവുമായ ഔദ്യോഗിക ജീവിതത്തിന് വിരാമം കുറിച്ച് ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്നും ഡോക്ടര്‍ ശാരദാ മുരളീധരന്‍ ഇന്നലെ വിരമിച്ചു. ചീഫ് സെക്രട്ടറി പദവിയില്‍ അധികകാലം ഉണ്ടായിരുന്നില്ലെങ്കിലും കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ തന്റെ ഭരണമികവ് ഈ നാടിനെ ബോധ്യപ്പെടുത്താന്‍ ഡോ. ശാരദാ മുരളീധരനു സാധിച്ചു.
വയനാട് പുനരധിവാസം മുതല്‍ ലഹരി വിരുദ്ധ ക്യാമ്പയ്‌നുകള്‍ വരെ, ഓരോ പദ്ധതികളിലും പരിപാടികളിലും സര്‍ക്കാരിന്റെ നയങ്ങള്‍ സൂക്ഷ്മതയോടെ നടപ്പാക്കാന്‍ അവര്‍ ശ്രദ്ധിച്ചു. മികച്ച ഏകോപനവും മികച്ച നിര്‍വഹണവും അവരുടെ പ്രവര്‍ത്തന മുദ്രയായിരുന്നു.
ഉദ്യോഗസ്ഥ എന്ന നിലയ്ക്കപ്പുറം സാമൂഹികനീതികള്‍ക്കെതിരെ തന്റെ പുരോഗമന നിലപാടുകള്‍ ഉറക്കെപ്പറയാന്‍ ഡോ.ശാരദ കാണിച്ച സന്നദ്ധതയും ധീരതയും മാതൃകാപരമാണ്. സര്‍ക്കാര്‍ നയങ്ങള്‍ നടപ്പാക്കുന്നതിലെ ആത്മാര്‍ത്ഥത, കാര്യക്ഷമതയോടെയുള്ള കൃത്യനിര്‍വഹണം, ഭാവനാപൂര്‍ണമായ ആസൂത്രണം, സംസ്ഥാനത്തോടും ഇവിടുത്തെ ജനതയോടുമുള്ള അചഞ്ചലമായ കൂറ് എന്നിവയുടെ സമന്വയമാണ് ശാരദാ മുരളീധരന്റെ ഔദ്യോഗിക ജീവിതം. ഡോ. ശാരദ മുരളീധരന് കര്‍മ്മോത്സുകതയുടെയും സേവനത്തിന്റെയും ഒരു സജീവകാലം തുടര്‍ന്നും ഉണ്ടാവട്ടെ എന്ന് ഹൃദയപൂര്‍വ്വം ആശംസിക്കുന്നു' മുഖ്യമന്ത്രി കുറിച്ചു.