തിരുവനന്തപുരം: മോഷണക്കുറ്റം ആരോപിച്ച് പേരൂർക്കട പൊലീസ് മാനസികമായി പീഡിപ്പിച്ചെന്ന പരാതിയുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെത്തിയ ദളിത് യുവതിയെ അവഹേളിച്ചെന്ന് ആരോപണം.അഭിഭാഷകനൊപ്പം ഓഫീസിൽ പോയ പനവൂർ ഇരുമരം സ്വദേശിനി ബിന്ദുവിനാണ് (36) മോശം അനുഭവം ഉണ്ടായത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി പരാതി വായിച്ചുനോക്കിയില്ലെന്നും കോടതിയിൽ പോകാൻ പറഞ്ഞതായും യുവതി ഒരു മാധ്യമത്തോട് വെളിപ്പെടുത്തി.ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ പൊലീസ് തന്നെ 20 മണിക്കൂറോളം മാനസികമായി പീഡിപ്പിച്ചെന്നാണ് ബിന്ദുവിന്റെ പരാതി. പരാതി വാങ്ങി പി ശശി മേശപ്പുറത്തേക്കിട്ടു, വായിച്ച് നോക്കിയില്ല, വീട്ടുകാർ പരാതി നൽകിയാൽ പൊലീസ് വിളിപ്പിക്കുമെന്ന് പി ശശി പറഞ്ഞതായി ബിന്ദു കൂട്ടിച്ചേർത്തു.
അതേസമയം, യുവതിയുടെ പരാതി അവഗണിച്ചിട്ടില്ലെന്ന് പി ശശി മാധ്യമങ്ങളോട് പറഞ്ഞു. 'ബിന്ദുവിന്റെ പരാതി ഗൗരവത്തോടെയാണ് കണ്ടത്. മോശമായി പെരുമാറിയ പൊലീസുകാർക്കെതിരെ അന്വേഷണത്തിനും നടപടിക്കും നിർദ്ദേശിച്ചു. കോടതിയെ സമീപിക്കാൻ ആവശ്യപ്പെട്ടത് വീട്ടുടമസ്ഥയ്‌ക്കെതിരെ നടപടി വേണം എന്ന ആവശ്യം ഉന്നയിച്ചതുകൊണ്ടാണ്'- പി ശശി വ്യക്തമാക്കി.