കൽപ്പറ്റ: പൊലീസ് കസ്റ്റഡിയിലെടുത്ത ആദിവാസി യുവാവ് ഗോകുൽ സ്റ്റേഷനിൽ മരിച്ച സംഭവത്തിൽ സിബിഐ അന്വേഷണത്തിന് പൊലീസ് മേധാവി ശുപാർശ ചെയ്‌തു. ഗോകുലിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ നൽകിയ ഹർജിക്ക് പിന്നാലെയാണ് നടപടി.
ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ കുളത്തൂർ ജയ്‌സിംഗിന് ആഭ്യന്തര വകുപ്പ് നൽകിയ വിവരാവകാശ മറുപടിയിലാണ് ഈ കാര്യം വ്യക്തമായത്. ഗോകുലിന്റെ മരണത്തിൽ സംസ്ഥാന പൊലീസ് മേധാവി സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്‌തുകൊണ്ട് കത്ത് നൽകിയെന്നാണ് മറുപടിയിൽ പറയുന്നത്. ഗോകുലിന്റെ അസ്വാഭാവിക മരണത്തിൽ നീതിപൂർവമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം പരാതി നൽകിയിരുന്നു. ഇതോടൊപ്പം സിബിഐ അന്വേഷണത്തിന് ഹൈക്കോടതിയെയും സമീപിച്ചു. നിലവിൽ ക്രൈംബ്രാഞ്ച് ആണ് കേസന്വേഷിക്കുന്നത്.